എന്തുകൊണ്ട് രോഹിതിനെ ഓസീസ് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയില്ല?; രവി ശാസ്ത്രി പറയുന്നു

എന്തുകൊണ്ട് രോഹിതിനെ ഓസീസ് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയില്ല എന്നത് കഴിഞ്ഞ ചില ദിവസങ്ങളിലായി ക്രിക്കറ്റ് പ്രേമികൾ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണ്. ഇപ്പോഴിതാ എന്തുകൊണ്ട് രോഹിതിനെ പരിഗണിച്ചില്ല എന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി പറയുകയാണ്. ടൈംസ് നൗവിനു നൽകിയ അഭിമുഖത്തിലാണ് രവി ശാസ്ത്രി മനസ്സു തുറന്നത്.
“ടീം സെലക്ഷനിൽ എനിക്ക് റോളില്ല. അതുകൊണ്ട് അവിടെ ഒന്നും പറയാനാവില്ല. എനിക്ക് ലഭിച്ചത് രോഹിതിൻ്റെ മെഡിക്കൽ റിപ്പോർട്ട് ആണ്. ചുമതലപ്പെട്ട വൈദ്യ സംഘമാണ് അത് തയ്യാറാക്കുന്നത്. അതിൽ ഞങ്ങൾക്ക് ഇടപെടാൻ കഴിയില്ല. മെഡിക്കൽ സംഘം നൽകിയ റിപ്പോർട്ടിന് അനുസരിച്ചാണ് സെലക്ടർമാർ ടീം തയ്യാറാക്കുക. രോഹിതിനു പരുക്കാണെന്നും പൂർണമായി ഭേദമാവാതെ കളിച്ചാൽ വീണ്ടും പരുക്കേൽക്കാൻ സാധ്യതയുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.”- രവി ശാസ്ത്രി പറഞ്ഞു.
Read Also : രോഹിതിനെ ഒഴിവാക്കി മായങ്കിനെ ഉൾപ്പെടുത്തിയത് എന്തുകൊണ്ട്?; സെലക്ഷനിൽ സുതാര്യത വേണമെന്ന് സുനിൽ ഗവാസ്കർ
ഞരമ്പിനാണ് രോഹിതിനു പരുക്കേറ്റത്. ടീമിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ബിസിസിഐയുടെ മെഡിക്കൽ സംഘം രോഹിതിനെ സൂക്ഷ്മമായി പരിശോധിക്കുകയാണ്. ഐപിഎലിനു ശേഷം നവംബർ 12നാണ് ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കുക. അന്ന് പരുക്കിൽ നിന്ന് മുക്തനായാൽ രോഹിതും ടീമിനൊപ്പം സഞ്ചരിക്കുമെന്നാണ് സൂചന.
പരുക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ രോഹിതിനെ ഓസീസ് പര്യടനത്തിലെ മൂന്ന് ഫോർമാറ്റിൽ നിന്നും ഒഴിവാക്കിയിരുന്നു. മായങ്ക് അഗർവാളാണ് രോഹിതിനു പകരം ടീമിലെത്തിയത്. ഇന്നലെ ഇത്തരത്തിൽ പ്രഖ്യാപനം വന്നതിനു പിന്നാലെ രോഹിത് ശർമ്മ നെറ്റ്സിൽ പരിശീലനം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ മുംബൈ ഇന്ത്യൻസ് പുറത്തുവിട്ടു. ഇതിനു പിന്നാലെ സെലക്ഷൻ കമ്മറ്റിയുടെ തീരുമാനത്തെപ്പറ്റി ചോദ്യങ്ങൾ ഉയർന്നിരുന്നു.
Story Highlights – Ravi Shastri on why Rohit Sharma was not named in squad for Australia tour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here