Advertisement

അമേരിക്ക ആർക്കൊപ്പം…?

November 2, 2020
Google News 1 minute Read

നാൽപ്പത്തിയാറാമത് പ്രസിഡന്റിനായുള്ള അമേരിക്കൻ ജനതയുടെ കാത്തിരിപ്പ് അവസാന മണിക്കൂറുകളിലാണ്. ഇക്കുറി റെക്കോഡ് പോളിംഗ് രേഖപ്പെടുത്തിയത് ആവേശത്തിന് കൊഴുപ്പു കൂട്ടുമ്പോൾ ആശങ്കയിലാണ് ഇരു പക്ഷങ്ങളും.

വൈറ്റ് ഹൗസ് കാത്തിരിക്കുകയാണ് പുതിയ അവകാശിക്കായി. ഓവൽ ഓഫിസിലേക്കെത്തുന്നത് ഭരണത്തുടർച്ച തേടുന്ന ഡോണൾഡ് ട്രംപോ ജോസഫ് ബൈഡനോ. ചോദ്യങ്ങൾക്ക് ഉത്തരമാകാൻ മണിക്കൂറുകൾ മാത്രം. ലോകചരിത്രത്തെ സ്വാധീനിച്ച പല തീരുമാനങ്ങളുമെടുത്ത മഞ്ഞുപുതച്ചുകിടക്കുന്ന ഭീമൻ ഓവൽ ഓഫിസിലെ മരമേശ പോലും അവിടേക്ക് വരാനിരിക്കുന്ന അതിഥിക്കായുള്ള കാത്തിരിപ്പിലാണ്.

അമേരിക്ക ആർക്കൊപ്പം?

അമേരിക്കൻ ജനാധിപത്യത്തിന്റെ കഴിഞ്ഞ 232 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് കാലത്തെ അസാധാരണ സാഹചര്യങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിലും അസാധാരണ സംഭവങ്ങളാണ് ദൃശ്യമാകുന്നത്. തെരഞ്ഞെടുപ്പ് ദിവസത്തിന് മുൻപ് തന്നെ പോളിംഗ്, ആവേശത്തിന്റെ ഉച്ചകോടിയിലെത്തിയപ്പോൾ സംഭവിക്കുന്നതും അപ്രതീക്ഷിതമായ കാര്യങ്ങൾ. ഔദ്യോഗിക വോട്ടെടുപ്പ് ചൊവ്വാഴ്ചയാണെങ്കിലും വോട്ടെടുപ്പ് പ്രക്രിയ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതുവരെ 10 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. മൈലുകൾ താണ്ടിയാണ് പലരും വോട്ട് ചെയ്യാനെത്തിയത് അമേരിക്കൻ തെരഞ്ഞെടുപ്പിലെ അപൂർവ കാഴ്ചയായി.

ബാറ്റിൽ ഗ്രൗണ്ട് സംസ്ഥാനങ്ങളായ മിഷിഗൺ, വിൻകോൺസിൻ, പെൻസിൽവേനിയ, ഫ്‌ലോറിഡ, നോർത്ത് കാരോലിന, ജോർജിയ, അരിസോണ, ഓഹയോ, അയോവ എന്നിവിടങ്ങളിലെ വോട്ടുകൾ തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമാകും. തെരഞ്ഞെടുപ്പ് വിശകലനങ്ങളുടെ കേന്ദ്രമാകുന്നതും ഈ സംസ്ഥാനങ്ങൾ തന്നെ. ഏത് വശത്തേക്കും ചായുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അവസാന ലാപ്പിലെ പ്രചാരണം. ആദ്യ ഫലം അറിയുന്ന ജോർജിയയിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും ഒപ്പത്തിനൊപ്പമെന്നാണ് വിലയിരുത്തൽ. ഇതുവരെയുള്ള സർവേ ഫലങ്ങളിൽ ജോ ബൈഡൻ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ, ഭരണത്തുടർച്ച ആഗ്രഹിക്കുന്ന ട്രംപ് ഒരിടത്തും മുന്നിലല്ലെന്നാണ് ന്യൂയോർക്ക് ടൈംസ് സർവേ പറയുന്നത്. ഏറ്റവുമൊടുവിൽ വന്ന റോയിട്ടേഴ്‌സ് സർവേ ഫലത്തിലും മുൻതൂക്കം ജോ ബൈഡനാണ്. 51 ശതമാനം പേർ ബൈഡനെ പിന്തുണച്ചപ്പോൾ 42 ശതമാനം മാത്രമാണ് ട്രംപിനെ അനുകൂലിച്ചത്. ഇതിനുപുറമേ തെരഞ്ഞെടുപ്പ് ദിനത്തിന് മുൻപുണ്ടായ റെക്കോഡ് പോളിംഗും ഡെമോക്രാറ്റുകൾക്കനുകൂലമാകുമെന്ന വിലയിരുത്തലാണുള്ളത്.

അമേരിക്കൻ തെരഞ്ഞെടുപ്പിലെ ഇന്ത്യൻ സ്വാധീനം

അമേരിക്കൻ ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ഇന്ത്യൻ- അമേരിക്കൻ വോട്ടുകളും ഇത്തവണ ഏറെ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. പരമ്പരാഗതമായി ഡെമോക്രാറ്റ് ചായ്വുള്ളവരാണ് അമേരിക്കയിലെ ഇന്ത്യൻ സമൂഹം. എന്നാൽ, ഹൗഡി മോദിയും നമസ്‌തേ ട്രംപുമൊക്കെ റിപ്പബ്ലിക്കൻ പാർട്ടിയോടുള്ള ഇന്ത്യൻ മനോഭാവത്തിൽ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ട്രംപ്- മോദി ബന്ധം വോട്ടാക്കാനാവുമെന്ന് റിപ്പബ്ലിക്കൻ ക്യാംപ് കരുതുമ്പോൾ തെന്നിന്ത്യൻ പൈതൃകമുള്ള കമല ഹാരിസിനെ തന്നെ തുറുപ്പു ചീട്ടാക്കി ഉപയോഗിച്ചിരിക്കുകയാണ് ഡെമോക്രാറ്റുകൾ.

പരമ്പരാഗത രേഖകളൊക്കെ മറികടന്ന് ഇരു പാർട്ടികളും നടത്തുന്ന ഇന്ത്യൻ പ്രീണനവും ഓരോ ഇന്ത്യൻ അമേരിക്കൻ വോട്ടിന്റെയും പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. ആര് പ്രസിഡന്റായാലും അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പ്രസിഡന്റാകും ജനുവരി 20 ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രസിഡന്റിന്റെ ആരോഗ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന അമേരിക്കക്കാർ ഇക്കാര്യത്തിൽ ഇത്തവണ അൽപം ആശങ്കയിലാണെന്ന റിപ്പോർട്ടുകളും ഉണ്ട്.

അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ പുനരുദ്ധാരണവും കുടിയേറ്റവും നികുതി നയവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയായ തെരഞ്ഞെടുപ്പ് ആണിത്. കൊവിഡ് മുതൽ സ്ഥാനാർത്ഥികളുടെ സ്വകാര്യ ജീവിതം വരെ പല ഘട്ടങ്ങളിലും ചർച്ചയായി. വിജയിയെ പ്രഖ്യാപിക്കുന്ന രീതിയിലും ഇത്തവണത്തെ തെരഞ്ഞെടുപ്പ് വേറിട്ടുനിൽക്കുന്നു. നവംബർ മൂന്നിന് തന്നെ വിജയിയെ പ്രഖ്യാപിച്ചേക്കില്ലെന്ന സൂചനകളുമുണ്ട്. പോസ്റ്റൽ വോട്ടുകൾക്ക് സമാനമായ മെയിൽ ഇൻ വോട്ടുകളുടെ കാര്യത്തിൽ തർക്കം നിലനിൽക്കുന്നത് ഫലപ്രഖ്യാപനം വൈകിച്ചേക്കാനാണ് സാധ്യത. ആളെണ്ണത്തിലും അങ്കബലത്തിലും ഏറെ മുന്നിലുള്ള അമേരിക്കയെന്ന ജനാധിപത്യ രാജ്യത്തിന്റെ നാൽപ്പത്തിയാറാം പ്രസിഡന്റ് ആരെന്ന് ഉറ്റുനോക്കുകയാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മുതലുള്ള രാഷ്ട്രത്തലവന്മാർ. ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചേക്കാവുന്ന തെരഞ്ഞെടുപ്പിലെ വിധി ഏറെ നിർണായകമാണ് ഇന്ത്യക്കും.

Story Highlights american election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here