ലൈഫ് മിഷൻ കേസ്; ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല

ലൈഫ് മിഷൻ കോഴ ഇടപാടിൽ എം ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം പ്രതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ വിജിലൻസ് അഞ്ചാം പ്രതിയാക്കിയെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുന്നത് രമേശ് ചെന്നിത്തല ചോദിച്ചു.
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ പുറത്ത് വന്നത്. യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണ്. അഴിമതി കേസുകൾ ഓരോന്നായി പുറത്തുവരികയാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച് ഒഴിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ലൈഫ് മിഷൻ കേസിൽ ശിവശങ്കറിനെ വിജിലൻസ് പ്രതി ചേർത്തിരുന്നു. സ്വപ്‌നാ സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവർക്കൊപ്പമാണ് ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തത്. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കർ. പ്രതികളുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥർ ഫോൺ വാങ്ങുന്നത് കോഴയായി കണക്കാക്കാമെന്നാണ് വിജിലൻസിന്റെ നിലപാട്. ഇതനുസരിച്ചാണ് ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തത്.
Story Highlights – Ramesh chennithala, life mission, m shivashankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here