തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജം; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

Ready for local elections; State Election Commission

തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പി.സി. ജോര്‍ജ് എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി ഉത്തരവ് പറയാനായി മാറ്റി. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിയും തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.

തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാകും തെരഞ്ഞെടുപ്പ് നടത്തുക. ഇക്കാര്യങ്ങളില്‍ രാഷ്ട്രീയ കക്ഷികളോടടക്കം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്നായിരുന്നു പി.സി. ജോര്‍ജിന്റെ ഹര്‍ജിയിലെ ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചയില്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുന്നതാണ് ഉചിതം എന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. എങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശപ്രകാരം പൊലീസ് സേനയെ നല്‍കും. പൊലീസ് വിന്യാസത്തിന്റെ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വ്യാഴാഴ്ച വരുമെന്നാണ് സൂചന. വോട്ടെടുപ്പ് ദിവസത്തിന് അതിന് തൊട്ടുമുന്‍പ് കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനുള്ള നടപടികളും കമ്മീഷന്‍ തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും. ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിക്കഴ്ച നടത്തുന്നുണ്ട്.

Story Highlights Ready for local elections; State Election Commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top