Advertisement

അത്താഴം മുടക്കിയ ചെന്നൈയും മാനേജ്മെന്റ് ചതിച്ച രാജസ്ഥാനും; ഇന്നത്തെ ഐപിഎൽ കാഴ്ചകൾ

November 2, 2020
1 minute Read
rr csk kkr kxip
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ സീസണിലെ ചെന്നൈ ബേബിച്ചേട്ടനെപ്പോലെയായിരുന്നു. അത്ര നേരം എന്തൊക്കെയോ ആലോചിച്ചിരുന്നിട്ട് ഊണു കഴിക്കാൻ വിളിക്കുമ്പോ തിരക്കിട്ട പണിയെടുക്കുന്ന ബേബിച്ചേട്ടൻ്റെ മീം ചെന്നൈക്ക് കറക്റ്റാണ്. ജയിക്കേണ്ടപ്പോഴൊന്നും ജയിച്ചില്ല. പ്ലേ ഓഫിൽ നിന്ന് പുറത്തായപ്പോൾ തിരക്കിട്ട് മൂന്ന് ജയം. ഇന്ന് പഞ്ചാബിൻ്റെ അത്താഴം കൂടി മുടക്കി അവരെയും കൊണ്ടാണ് ചെന്നൈ നാട്ടിലേക്ക് വണ്ടികയറിയത്.

ദീപക് ഹൂഡയുടെ കാമിയോ ഇല്ലായിരുന്നു എങ്കിൽ ശരാശരിക്കും താഴെ ഒതുങ്ങേണ്ട സ്കോർ ആയിരുന്നു. മുൻ നിര ബാറ്റ്സ്മാന്മാർ പരുങ്ങിയപ്പോൾ തന്നെ പഞ്ചാബിൻ്റെ ഗ്യാസ് പാതി പോയി. ഒരു യൂണിറ്റ് എന്ന നിലയിൽ ചെന്നൈയുടെ ബൗളിംഗ് പ്രകടനം മികച്ചു നിന്നു. 27 പന്തിൽ 29 റൺസ് നേടി പുറത്തായ ക്യാപ്റ്റൻ ലോകേഷ് രാഹുലിനും ഒരു പരിധി വരെ പഞ്ചാബിൻ്റെ തോൽവിയിൽ പങ്കുണ്ട്. നിക്കോളാസ് പൂരാനെപ്പോലെ ഒരു എക്സ്പ്ലോസിവ് ടി-20 ബാറ്റ്സ്മാൻ ഡഗൗട്ടിൽ ഉണ്ടായിരിക്കെ അയാൾക്ക് ലഭിക്കേണ്ട പന്തുകളാണ് രാഹുൽ പാഴാക്കിക്കളയുന്നത്. ചെന്നൈയുടെ ബൗളിംഗും എടുത്തുപറയണം. സ്ട്രൈക്ക് ബൗളർ ദീപക് ചഹാർ ഒഴികെ ബാക്കിയെല്ലാവരും നന്നായി പന്തെറിഞ്ഞു.

മറുപടിയിൽ വീണ്ടും ഗെയ്ക്‌വാദാണ് സ്റ്റാർ ആയത്. സ്പാർക്കില്ലെന്ന് ധോണി പറഞ്ഞതു മുതൽ അയാൾ മാരക സ്പാർക്കിലാണ്. തുടർച്ചയായി മൂന്ന് ഫിഫ്റ്റി. മൂന്ന് ജയം. മാൻ ഓഫ് ദി മാച്ച്. അടുത്ത സീസണിൽ ചെന്നൈയുടെ ബാറ്റിംഗ് ഗ്രഹം കറങ്ങുന്നത് തന്നെ ഋതുരാജ് എന്ന സൂര്യനും ചുറ്റുമാവും. കോർ ഗ്രൂപ്പിനെ മാറ്റുമെന്നാണ് ധോണി പറഞ്ഞത്. അങ്ങനെയെങ്കിൽ അതുറപ്പ്.

രണ്ടാം മത്സരത്തിൽ കൊൽക്കത്ത വക മറ്റൊരു ഗംഭീര പ്രകടനം. വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഒരു ബാറ്റ്സ്മാൻ എന്ന ലേബൽ എന്തുകൊണ്ട് ക്രിക്കറ്റ് നിരീക്ഷകർ തനിക്ക് നൽകി എന്ന ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ടാണ് ഓയിൻ മോർഗൻ ആദ്യ ഇന്നിംഗ്സിനു ശേഷം പിച്ചിൽ നിന്ന് തിരികെ വരുന്നത്. അയാളുടെ എക്സ്പ്ലോസിവ് ബാറ്റിംഗ് നൽകിയ കരുത്തിലാണ് കൊൽക്കത്ത കൂറ്റൻ സ്കോർ ഉയർത്തുന്നത്. ജയിക്കുക എന്ന ലക്ഷ്യത്തിനൊപ്പം റൺ റേറ്റും കൂടി പരിഗണിച്ച് രാജസ്ഥാൻ വരികയും ആഞ്ഞടിക്കുകയും കളി തോൽക്കുകയുമായിരുന്നു.

മറ്റൊന്നുണ്ട്, കഴിഞ്ഞ മത്സരം വരെ നന്നായി പൊയ്ക്കൊണ്ടിരിക്കുന്ന ഒരു ബാറ്റിംഗ് നിരയെ ഇന്നത്തെ നിർണായകമായ കളിയിൽ മാറ്റിമറിച്ചത് മണ്ടത്തരം തന്നെയാണ്. മൂന്നാം നമ്പറിൽ സഞ്ജുവിൻ്റെ ഹിസ്റ്ററിയും അയാളുടെ ഫോമും പരിഗണിച്ച് സ്മിത്ത് ആ സ്ലോട്ടിൽ ഇറങ്ങിയത് അബദ്ധമായി. പവർ പ്ലേയിൽ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോൾ തന്നെ രാജസ്ഥാൻ പരാജയപ്പെട്ട് കഴിഞ്ഞിരുന്നു.

ചെന്നൈ, രാജസ്ഥാൻ, പഞ്ചാബ് ടീമുകൾക്ക് നാട്ടിലേക്ക് മടങ്ങാം. അപ്പോഴും അവർക്കെല്ലാം 12 പോയിൻ്റ് വീതമുണ്ട്. നാല് ടീമുകളും മൂന്ന് സ്ഥാനങ്ങളുമാണ് ഇനിയുള്ളത്. പ്ലേ ഓഫ് ഉറപ്പിച്ചത് മുംബൈ മാത്രം! ഇതാണ് കളി!

Story Highlights – ipl today analysis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement