ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്‌സിൻ അടുത്ത വർഷം ഫെബ്രുവരിയോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്

കേന്ദ്ര സർക്കാറിന്റെ പിന്തുണയോടെ ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിൻ അടുത്ത വർഷം ഫെബ്രുവരിയോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിൽ മികച്ച ഫലം നൽകുന്നതെന്ന തെളിഞ്ഞതിനെ തുടർന്നാണ് വാക്‌സിൻ എത്രയും വേഗം ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. മുൻപുള്ള റിപ്പോർട്ടുകളനുസരിച്ച് അടുത്ത വർഷം രണ്ടാംപാദത്തോടെ മാത്രമേ വക്‌സിൻ ലഭ്യമാകുവെന്നായിരുന്നു.
വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം ഈ മാസം ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള പഠനങ്ങൾ അനുസരിച്ച് വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് റിപ്പോർട്ടെന്ന് മുതിർന്ന ശാസ്ത്രജ്ഞൻ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അടുത്തവർഷത്തിന്റെ ആരംഭത്തിൽ തന്നെ, ഫെബ്രുവരിയിലോ, മാർച്ചിലോ വാക്‌സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിൻ മികച്ച ഫലമാണ് കാണിക്കുന്നതെന്ന് ഐസിഎംആർ ശാസ്ത്രജ്ഞനും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗവുമായ രജ്‌നി കാന്ത് പറഞ്ഞു. മാത്രമല്ല, വാക്‌സിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് ആരോഗ്യ മന്ത്രാലയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാംഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നത് വരെ 100 ശതമാനം ഉറപ്പിച്ച് വാക്‌സിനെ കുറിച്ച് പ്രഖ്യാപിക്കാനാവില്ല. പരീക്ഷണം പൂർത്തിയാകുന്നതിന് മുമ്പ് വാക്‌സിൻ എടുക്കുന്നതിൽ അപകട സാധ്യതയുണ്ട്. നിങ്ങൾ അതിന് റിസ്‌ക് എടുക്കാൻ തയാറാണെങ്കിൽ നിങ്ങൾക്ക് വാക്‌സിൻ എടുക്കാം. അത്യാവശ്യമെങ്കിൽ, അടിയന്തര സാഹചര്യങ്ങളിൽ വാക്‌സിൻ നൽകുന്നതിനെ കുറിച്ച് സർക്കാരിന് ചിന്തിക്കാനാകുമെന്നും രജ്‌നി കാന്ത് പറയുന്നു.
Story Highlights – co vaccine, developed by Bharat Biotech, is expected to be available by February next year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here