ദുബായിൽ മുംബൈ വക ‘പൊരിഞ്ഞ അടി’; ഡൽഹിക്ക് 201 റൺസ് വിജയലക്ഷ്യം

mi dc ipl qualifier

ഐപിഎൽ 13ആം സീസണിലെ ആദ്യ ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 201 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 200 റൺസ് നേടിയത്. 30 പന്തുകളിൽ 55 റൺസെടുത്ത് പുറത്താവാതെ നിന്ന ഇഷാൻ കിഷൻ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (51) ക്വിൻ്റൺ ഡികോക്ക് (40), ഹർദ്ദിക് പാണ്ഡ്യ (37) എന്നിവരും മുംബൈക്കായി തിളങ്ങി. ഡൽഹിക്കായി ആർ അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഡാനിയൽ സാംസ് എറിഞ്ഞ ആദ്യ ഓവറിൽ ക്വിൻ്റൺ ഡികോക്ക് അടിച്ചത് 15 റൺസാണ്. ഗംഭീര തുടക്കം ലഭിച്ച മുംബൈക്ക് അടുത്ത ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് (0) ആർ അശ്വിനു മുന്നിൽ കീഴടങ്ങി. മുംബൈ ഇന്ത്യൻസ് നായകനെ അശ്വിൻ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു.

രോഹിത് പുറത്തായതിനു പിന്നാലെ മൂന്നാം നമ്പറിലെത്തിയ സൂര്യകുമാർ യാദവും ഡികോക്കും ചേർന്ന് ഡൽഹി ബൗളർമാരെ കടന്നാക്രമിച്ചു. ഒരു ഓവറിൽ ഒരു ബൗണ്ടറിയെങ്കിലും കണ്ടെത്തിയ സഖ്യം ഓവറിൽ 10 റൺസ് എന്ന നിരക്കിലാണ് സ്കോർ ചെയ്തത്. അശ്വിൻ തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. എട്ടാം ഓവറിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഡികോക്കിനെ ധവാൻ പിടികൂടുകയായിരുന്നു. 25 പന്തുകളിൽ 40 റൺസെടുത്ത ഡികോക്ക് മൂന്നാം വിക്കറ്റിൽ 62 റൺസും കൂട്ടിച്ചേർത്തിരുന്നു.

നാലാം നമ്പറിൽ ഇഷാൻ കിഷൻ എത്തി. ഡികോക്ക് പുറത്തായിട്ടും ആക്രമണം തുടർന്ന സൂര്യ 36 പന്തിൽ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റി തികച്ച ഉടൻ സൂര്യ പുറത്താവുകയും ചെയ്തു. താരത്തെ ആൻറിച് നോർക്കിയ ഡാനിയൽ സാംസിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. 38 പന്തിൽ 51 റൺസെടുത്താണ് താരം മടങ്ങിയത്. പതിവിനു വിപരീതമായി അഞ്ചാം നമ്പറിൽ എത്തിയ പൊള്ളാർഡിന് (0) രണ്ട് പന്തുകൾ മാത്രമേ ആയുസുണ്ടായുള്ളൂ. പൊള്ളാർഡിനെ അശ്വിൻ റബാഡയുടെ കൈകളിൽ എത്തിച്ചു. കൃണാൽ പാണ്ഡ്യ (13) മാർക്കസ് സ്റ്റോയിനിസിൻ്റെ പന്തിൽ ഡാനിയൽ സാംസിനു പിടികൊടുത്ത് മടങ്ങി. ഇതിനിടെ ഗിയർ മാറ്റിയ ഇഷാൻ ചില മികച്ച ഷോട്ടുകൾ കളിച്ച് സ്കോർ ഉയർത്തി. ഹർദ്ദിക് പാണ്ഡ്യയും ഫോം കണ്ടെത്തിയതോടെ ഡൽഹി ക്യാമ്പ് വിയർത്തു. കഗീസോ റബാഡയെ അടക്കം കടന്നാക്രമിച്ച ഇരുവരും സ്ലോഗ് ഓവറുകളിൽ വളരെ വേഗം സ്കോർ ഉയർത്തി. ആൻറിച് നോർക്കിയയെ ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ സിക്സറടിച്ച് കിഷൻ ഫിഫ്റ്റി തികച്ചു. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 60 റൺസാണ് കൂട്ടിച്ചേർത്തത്. ഹർദ്ദിക് പാണ്ഡ്യ (37), ഇഷാൻ കിഷൻ (55) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights mumbai indians vs delhi capitals first innings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top