ബാറ്റിംഗ് തകർച്ച; ഡിവില്ല്യേഴ്സിന് ഫൈറ്റിംഗ് ഫിഫ്റ്റി; സൺറൈസേഴ്സിന് 132 റൺസ് വിജയലക്ഷ്യം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 132 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ സാധിച്ചുള്ളൂ . 56 റൺസെടുത്ത എബി ഡിവില്ല്യേഴ്സ് ആണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. ഫിഞ്ച് 32 റൺസെടുത്തു. പിന്നെയുള്ള ടോപ്പ് സ്കോറർ 9ആം നമ്പറിൽ ഇറങ്ങിയ മുഹമ്മദ് സിറാജ് ആണ്. സിറാജ് 10 റൺസെടുത്തു. ഹൈദരാബാദിനായി ജേസൻ ഹോൾഡർ രണ്ടും നടരാജൻ രണ്ടും വിക്കറ്റ് വീഴ്ത്തി.
ഫിഞ്ച് ടീമിലെത്തിയെങ്കിലും കോലിയാണ് ദേവ്ദത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എന്നാൽ ആ നീക്കം രണ്ടാം ഓവറിൽ തന്നെ പാളി. വിരാട് കോലിയെ (6) ജേസൻ ഹോൾഡർ ശ്രീവത്സ ഗോസ്വാമിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. നാലാം ഓവറിൽ ദേവ്ദത്തും (1) ഹോൾഡറിൻ്റെ ഇരയായി മടങ്ങി. ദേവ്ദത്തിനെ പ്രിയം ഗാർഗ് പിടികൂടുകയായിരുന്നു.
Read Also : ഐപിഎൽ എലിമിനേറ്റർ: ബാംഗ്ലൂരിനു ബാറ്റിംഗ്; ഹൈദരാബാദിൽ സാഹ പുറത്ത്
മൂന്നാം വിക്കറ്റിൽ ഫിഞ്ചും ഡിവില്ല്യേഴ്സും ചേർന്ന കൂട്ടുകെട്ടാണ് ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ഗംഭീരമായി പന്തെറിഞ്ഞ ഹൈദരാബാദ് ബൗളർമാർ ഒരു ഘട്ടത്തിലും മത്സരത്തിലുള്ള ഗ്രിപ്പ് കൈവിട്ടില്ലെങ്കിലും സിംഗിളുകളും ഡബിളുകളും സ്കോർ ചെയ്ത് സഖ്യം മെല്ലെ സ്കോർ ഉയർത്തി. 41 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം ആരോൺ ഫിഞ്ച് (32) മടങ്ങി. ഷഹബാസ് നദീമിൻ്റെ പന്തിൽ അബ്ദുൽ സമദ് ഫിഞ്ചിനെ പിടികൂടുകയായിരുന്നു. ആ ഓവറിൽ തന്നെ മൊയീൻ അലിയും (0) പുറത്തായി. ഫ്രീ ഹിറ്റ് ബോളിൽ ഇല്ലാത്ത റണ്ണിനോടിയ മൊയീനെ റാഷിദ് ഖാൻ നേരിട്ടുള്ള ത്രോയിലൂടെ പുറത്താക്കുകയായിരുന്നു. ശിവം ദുബേയ്ക്കും (8) ഏറെ ആയുസുണ്ടായില്ല. ദുബേയെ ഹോൾഡർ വാർണറുടെ കൈകളിൽ എത്തിച്ചു. വാഷിംഗ്‌ടൺ സുന്ദർ (5) നവദീപ് സെയ്നിയുടെ പന്തിൽ അബ്ദുൽ സമദിൻ്റെ കൈകളിൽ അവസാനിച്ചു.
Read Also : ഐപിഎൽ എലിമിനേറ്റർ: ബാംഗ്ലൂരോ ഹൈദരാബാദോ?; ഇന്നറിയാം
ഇതിനിടെ, പൊരുതിക്കളിച്ച ഡിവില്ല്യേഴ്സ് 39 പന്തുകളിൽ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ഡിവില്ല്യേഴ്സ് മടങ്ങി. 43 പന്തിൽ 56 റൺസെടുത്ത ഡിവില്ല്യേഴ്സിനെ സെയ്നി ഒരു ആക്യുറേറ്റ് യോർക്കറിൽ വീഴ്ത്തുകയായിരുന്നു. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ മുഹമ്മദ് സിറാജ് (10), നവദീപ് സെയ്നി (9) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights – sunrisers hyderabad vs royal challengers hyderabad ipl eliminator first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here