സൗദിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 850 ഇന്ത്യക്കാര്‍ ; 2,32,556 പേര്‍ നാട്ടിലേക്കു മടങ്ങി

850 Indians have died of covid in Saudi Arabia

സൗദിയില്‍ കൊവിഡ് ബാധിച്ച് 850 ഇന്ത്യക്കാര്‍ ഇതുവരെ മരിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സഈദ്. ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് മടങ്ങാനും ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഉംറ വിസ അനുവദിക്കാനും അംബാസഡര്‍ സൗദി അധികൃതരോട് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിക്കിടെ സൗദിയില്‍ നിന്നു 2,32,556 ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങി. ജോലി നഷ്ടപ്പെട്ടും ജോലിസ്ഥലത്തെ മറ്റു പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുമാണ് ഇതില്‍ പകുതിയും മടങ്ങിയത്. 276 വന്ദേഭാരത് സര്‍വീസുകള്‍ ഉള്‍പ്പെടെ 1295 വിമാനങ്ങളാണ് ഇവര്‍ക്കായി സര്‍വീസ് നടത്തിയത്.

നാടു കടത്തല്‍ കേന്ദ്രങ്ങളില്‍ ആയിരുന്ന 2200 ഇന്ത്യക്കാരെ ഈ കാലയളവില്‍ നാട്ടിലേക്കു മടക്കി അയച്ചതായും ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു. ബാക്കിയുള്ളവര്‍ ഉടന്‍ മടങ്ങും. സൗദിയില്‍ മരിച്ച 492 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഈ കാലയളവില്‍ നാട്ടിലേക്കയച്ചു. ഇഖാമ കാലാവധി തീര്‍ന്നവരും ഹുരൂബ് കേസില്‍പ്പെട്ടവരുമായ 7400ലധികം ഇന്ത്യക്കാരാണ് നാട്ടിലേക്കു മടങ്ങാനായി എംബസിയില്‍ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 3,337 പേര്‍ നാട്ടിലേക്കു മടങ്ങി. ബാക്കിയുള്ളവരെ കയറ്റിവിടാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സൗദിയിലേക്ക് മടങ്ങാനുള്ള ഇന്ത്യക്കാര്‍ക്കായി പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടതായും അംബാസഡര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്കും സൗദിയിലെത്താന്‍ അവസരം ഒരുക്കണമെന്ന് അംബാസഡര്‍ സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

Story Highlights 850 Indians have died of covid in Saudi Arabia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top