അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എ

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എ. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. തിങ്കളാഴ്ച ഈ കേസ് ഹൈക്കോടതി വരുന്നുണ്ട്. അതുപോലും പരിഗണിച്ചില്ല. കരുതിക്കൂട്ടി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എം.സി. കമറുദ്ദീന്‍ പറഞ്ഞു.

ഇന്ന് 3.30 ഓടെയാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. ചന്ദേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അറസ്റ്റ്. 15 കോടിയുടെ തട്ടിപ്പ് തെളിഞ്ഞെന്ന് പൊലീസ് പറയുന്നു. എംഎല്‍എയ്ക്ക് എതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. തെളിവുകളെല്ലാം എംഎല്‍എയ്ക്ക് എതിരെന്ന് അന്വേഷണ സംഘം പറയുന്നു. കേസില്‍ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്തേക്കും. തങ്ങളെ എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

എം സി കമറുദ്ദീനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു. നിക്ഷേപ സമാഹരണം നടത്തിയത് തന്റെ മാത്രം ഉത്തരവാദിത്തത്തിലല്ലെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കമറുദ്ദീന്റെ മൊഴി നല്‍കിയിരുന്നു. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതികളുടെ എണ്ണം 115 ആയ ഘട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം എം. സി. കമറുദ്ദീനെ ചോദ്യം ചെയ്തത്. കാസര്‍ഗോഡ് എഎസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 10.30 മുതല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.

മാനേജിങ് ഡയറക്ടറും മറ്റ് ഡയറക്ടര്‍മാരും ചേര്‍ന്ന് ചതിക്കുകയായിരുന്നുവെന്ന് കമറുദ്ദീന്‍ അന്വേഷണ സംഘത്തിനു മുമ്പാകെ മൊഴി നല്‍കിയിരുന്നു. നിക്ഷേപ സമാഹരണം നടത്തിയത് തന്റെ ഉത്തരവാദിത്തത്തില്‍ മാത്രമല്ലെന്നും തന്റെ പേരില്‍ ബിനാമി ഇടപാടുകള്‍ ഇല്ലെന്നും പണമിടപാടുകളില്‍ നേരിട്ട് ബന്ധമില്ലെന്നും കമറുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.

Story Highlights m c kamaruddin arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top