കർണാടകയിൽ ദീപാവലിയ്ക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതും വിൽപനയും നിരോധിച്ച തീരുമാനത്തിൽ നിന്ന് പിന്മാറി കർണാടക സർക്കാർ. സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അനുമതി നൽകി.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ സംസ്ഥാനത്ത് പടക്കങ്ങൾ നിരോധിക്കുന്നു എന്ന് പ്രഖ്യാപിച്ച് രണ്ട് ദവസം പിന്നിടുമ്പോഴാണ് ഹരിത പടക്കങ്ങൾ ഉപയോഗിക്കാമെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടത്.

ദീപാവലിയോടനുബനിധിച്ച് ഹരിത പടക്കങ്ങൾ മാത്രം ഉപയോഗിച്ച് ആഘോഷം ലളിതമാക്കാൻ മുഖ്യമന്ത്രി അഭ്യർത്ഥിക്കുവെന്ന് പ്രസ്താവനയിൽ പറഞ്ഞു. കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകിരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൗരന്മാരുടെ ആരോഗ്യം കണക്കിലെടുത്ത് ലളിതവും അർത്ഥവത്തായ ആഘോഷം മാത്രമാവും ഉചിതമെന്നും മുഖ്യമന്ത്രി പറയുന്നു.

പടക്കങ്ങൾ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കൊവിഡ് രോഗികളെ പ്രതികൂലമായി ബാധിക്കുമെന്ന വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് പടക്കത്തിന് കർണാടകയിൽ നിരോധനം ഏർപ്പെടുത്തിയത്.

മുൻപ് ശൈത്യകാലമായതിനാൽ ഡൽഹി, രാജസ്ഥാൻ, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളും ദീപാവലിക്ക് പടക്കങ്ങൾ നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. പടക്കങ്ങൾ ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights permission to use green fire crackers for diwali in karnataka

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top