13ആം വർഷം ഡൽഹിയുടെ മാവും പൂത്തു; ഇന്നത്തെ ഐപിഎൽ കാഴ്ചകൾ

അങ്ങനെ 13 വർഷത്തെ ഐപിഎൽ ചരിത്രത്തിലാദ്യമായി ഡൽഹി ക്യാപിറ്റൽസ് (മുൻപ് ഡൽഹി ഡെയർഡെവിൾസ്) ഫൈനലിൽ പ്രവേശിച്ചു. അതും ഗംഭീരമായി കളിച്ചു കൊണ്ടിരുന്ന സൺറൈസേഴ്സിനെ കീഴ്പ്പെടുത്തി. ശിഖർ ധവാൻ, മാർക്കസ് സ്റ്റോയിനിസ്, ഷിംറോൺ ഹെട്‌മെയർ എന്നീ മൂന്ന് താരങ്ങളോടാണ് ഡൽഹി ഈ വിജയത്തിനു നന്ദി പറയേണ്ടത്. അവരാണ് ഇന്നത്തെ ജയത്തിൽ ഡൽഹിയ്ക്ക് കരുത്തായത്.
ബിഗ് ബാഷ് ലീഗിൽ കളിച്ചുകൊണ്ടിരുന്ന ഓപ്പണിംഗ് സ്ലോട്ടിലേക്കെത്തിയപ്പോൾ സ്റ്റോയിനിസ് ഡൽഹിക്ക് നൽകിയത് സീസണിലെ ഏറ്റവും മികച്ച തുടക്കം. ധവാനുമായി ചേർന്ന് സ്റ്റോയിനിസ് നൽകിയ അടിത്തറയിലാണ് ഹെട്‌മെയർ അവസാന മിനുക്കുപണി നടത്തിയത്. എന്തുകൊണ്ട് ഹെട്‌മെയർ ടീമിൽ ഉണ്ടാവണം എന്നതിൻ്റെ ഉത്തരമായിരുന്നു 42 റൺസിൻ്റെ ആ ഇന്നിംഗ്സ്. ഒറ്റക്ക് മത്സരഗതി മാറ്റിമറിക്കാൻ കഴിയുന്ന പ്ലയർ. അനായാസം ബൗണ്ടറി ക്ലിയർ ചെയ്യാൻ കഴിയുന്ന താരം.
Read Also : വില്ല്യംസണിന്റെയും സമദിന്റെയും പോരാട്ടം പാഴായി; ഡെത്ത് ഓവറുകളിൽ കളി പിടിച്ച് ഡൽഹി ഫൈനലിൽ
190 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഡൽഹി രണ്ടാം ഓവറിൽ തന്നെ പകുതി തോറ്റിരുന്നു. റബാഡയുടെ ഒരു പിൻപോയിൻ്റ് യോർക്കറിൽ കുറ്റി തകർന്ന് വാർണർ മടങ്ങുന്ന ചിത്രത്തിലാണ് ഡൽഹി ഫൈനലിലേക്ക് ഒരു കാലെടുത്തു വെച്ചത്. മറ്റേ കാല് വെക്കാതിരുന്നത് ആ ടീമിൽ വില്ല്യംസൺ ഉണ്ടായിരുന്നതു കൊണ്ടായിരുന്നു. നേരത്തെ പറഞ്ഞതു പോലെ അയാൾ ക്രീസിൽ നിൽക്കുമ്പോൾ വന്യത കാണില്ല, ആഡ് ബോർഡിൽ ശക്തിയിൽ ഇടിച്ച് തിരികെ എത്തുന്ന പന്തുകൾ അപൂർവമായിരിക്കും. പക്ഷേ, കളി അവസാനിക്കുമ്പോൾ അയാളുടെ പേരിനു നേർക്ക് മികച്ച സ്കോർ ഉണ്ടാവും. പന്തിനെ നോവിക്കാതെ അതിർത്തി കടത്തുന്ന ഒരുതരം കളിക്കാരൻ. അളന്നുമുറിച്ച ഷോട്ടുകൾ. കാൽക്കുലേറ്റഡ് ബൗണ്ടറികൾ. സ്റ്റോയിനിസിൻ്റെ ഗോൾഡൻ ആം വില്ല്യംസണിനെ റബാഡയുടെ കൈകളിൽ എത്തിക്കുമ്പോൾ ഡൽഹി ഫൈനലിലെത്തി. സീസൺ ആരംഭിക്കുന്നതിനു മുൻപ് അബ്ദുൽ സമദ് എന്ന കശ്മീർ പയ്യനെപ്പറ്റി കേട്ടതൊക്കെ ഇന്നാണ് കൃത്യമായി മനസ്സിലായത്. നോർക്കിയയുടെ 148 കിലോമീറ്റർ വേഗതയിലുള്ള ബൗൺസർ ക്ലീനായി ഹുക്ക് ചെയ്ത് ബൗണ്ടറിക്കപ്പുറമിടുന്ന സമദിൽ അയാൾ ആരെന്നത് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പയ്യൻ കേറിവരും.
അവസാനത്തിൽ കഗീസോ റബാഡയുടെ സ്കില്ലുകൾ ഹൈദരാബാദിൻ്റെ ലോവർ ഓർഡറിനെ തകർത്ത് തരിപ്പണമാക്കുകയാണ്. ഡൽഹി ഫൈനലിലേക്കും ഹൈദരാബാദ് പുറത്തേക്കും.
Story Highlights – sunrisers hyderabad vs delhi capitals ipl qualifier 2 analysis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here