Advertisement

ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണം; മുന്നറിയിപ്പ് നല്‍കി പൊലീസ്

November 9, 2020
Google News 1 minute Read

കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ തൊഴില്‍രഹിതരായവരെ ചൂഷണം ചെയ്യാന്‍ ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം നല്‍കി കബളിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപിക്കുകയാണ്. തട്ടിപ്പിന്റെ രീതികള്‍ പലതാണ്. ഇവയെക്കുറിച്ചു വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കില്‍ കെണിയില്‍പ്പെടാതെ രക്ഷപ്പെടാം. ആകര്‍ഷകമായ തൊഴില്‍ ഓഫറുകള്‍ മുന്നോട്ടുവയ്ക്കുകയും അപേക്ഷിക്കുന്നതിന് ചില ഫീസുകളും ചാര്‍ജുകളും ആവശ്യപ്പെട്ട് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനോ കൈമാറാനോ ആവശ്യപ്പെടുന്നതാണ് പൊതുവായിന്ന് കാണുന്ന തട്ടിപ്പ് രീതി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

വ്യാജ ഓഫര്‍ ലെറ്ററുകളെ സൂക്ഷിക്കുക

ഓഫര്‍ ലെറ്റര്‍ ആരും വെറുതെ അയയ്ക്കില്ല, പലര്‍ക്കും ഇമെയിലില്‍ ഇത്തരം ഓഫര്‍ ലെറ്ററുകള്‍ വരാറുണ്ട്. പ്രശസ്തമായ പൊതുമേഖല- സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ ലെറ്റര്‍പാഡിലായിരിക്കും അയയ്ക്കുക. നിങ്ങളുടെ യോഗ്യതകള്‍ പോലും പരിഗണിക്കാതെയുള്ള ഇത്തരം ഓഫറുകള്‍ക്കു പിന്നില്‍ പോകാതിരിക്കുക.

ഒരു കമ്പനിയും വെറുതെ വിവരങ്ങള്‍ ശേഖരിച്ച് ഓഫര്‍ ലെറ്റര്‍ അയയ്ക്കില്ല. കൃത്യമായ അപേക്ഷയുടെയും എച്ച്ആര്‍ പ്രോസസിങ്ങിന്റെയും അടിസ്ഥാനത്തിലേ നടപടികളുണ്ടാകൂ. വ്യാജന്‍മാരെ പേടിച്ചു ക്യൂആര്‍ കോഡ് പോലെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഓഫര്‍ ലെറ്ററില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുമുണ്ട്. ഓഫര്‍ ലെറ്ററില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ കമ്പനി അധികൃതരുമായി സംസാരിക്കുക. മാത്രമല്ല പ്രമുഖ കമ്പനികള്‍ ഒരിക്കലും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മുന്‍കൂര്‍ പണം ആവശ്യപ്പെടാറുമില്ല.

വ്യാജ ഇടനിലക്കാരെ സൂക്ഷിക്കുക

സൈന്യത്തിലും റെയില്‍വേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ ഇടനിലക്കാര്‍ പണ്ടേ രംഗത്തുണ്ട്. എന്നാല്‍ ഇന്നു സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് അവര്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്ന കാഴ്ചയാണ്. തൊഴിലന്വേഷകരുടെ പ്രിയ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇന്നാണ് ഇത്തരം ഓണ്‍ലൈന്‍ വ്യാജന്മാടെ പ്രധാന താവളം. തൊഴില്‍ നേടിത്തരാം എന്ന വാഗ്ദാനവുമായി ഉദ്യോഗാര്‍ഥികളെ സമീപിച്ചു പണം തട്ടുകയാണ് ഇവരുടെ രീതി. സൈന്യത്തിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമെല്ലാം കൃത്യവും വ്യക്തവുമായ റിക്രൂട്ടിംഗ് രീതികളുണ്ട്. ഇടനിലക്കാര്‍ വഴി ജോലി കിട്ടാന്‍ പോകുന്നില്ലെന്നു മാത്രം ഓര്‍ത്തുവച്ചാല്‍ മതി.

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ പേരും അംഗീകാരവുമുള്ള സൈറ്റുകളെ മാത്രം ഓണ്‍ലൈന്‍ ജോലികള്‍ക്ക് ആശ്രയിക്കാന്‍ ശ്രദ്ധിക്കണം. എന്താണു ജോലി എന്ന കൃത്യമായ ബോധ്യവും വേണം.

പ്രശസ്ത പൊതുമേഖലാ -സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളുടെ വ്യാജപതിപ്പ് തയാറാക്കിയുള്ള തട്ടിപ്പും പ്രചാരത്തിലുണ്ട്. ഇവയില്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍ പോസ്റ്റ് ചെയ്യും. വാട്സാപ്പും മറ്റു സമൂഹമാധ്യമങ്ങളും വഴി പ്രചാരണം കൂടിയാകുമ്പോള്‍ ധാരാളം ഉദ്യോഗാര്‍ഥികള്‍ വലയില്‍ വീഴും. വ്യക്തിവിവരങ്ങള്‍, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, സാമ്പത്തിക വിവരങ്ങള്‍ തുടങ്ങിയവ തെറ്റായ വ്യക്തികളുടെ കൈയിലെത്തുമെന്നതാണ് മറ്റൊരു അപകടം.

ഇത്തരത്തിലുള്ള പരസ്യം കണ്ടാല്‍ ആദ്യം വെബ്സൈറ്റ് പരിശോധിക്കണം. സംശയം ഉണ്ടാകുന്ന പക്ഷം വെബ്സൈറ്റിലെ മറ്റു വിവരങ്ങളുടെ ആധികാരികത നോക്കുക. പലപ്പോഴും ഗൂഗിള്‍ സെര്‍ച്ചിലൂടെ തന്നെ വ്യാജന്മാരെ തിരിച്ചറിയാനാകും.

Story Highlights online employment scams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here