കൊവിഡ് വാക്‌സിൻ 90 ശതമാനവും ഫലപ്രദമെന്ന് ഫൈസർ

ജർമൻ മരുന്ന് കമ്പനിയും ബയേൺടെക്കും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായതായി നിർമാതാക്കളായ യു.എസ് കമ്പനി ഫൈസർ. വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലാണ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയത്. എഎഫ്പി വാർത്താ ഏജൻസിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

വാക്‌സിൻ പരീക്ഷണം മനുഷ്യരിൽ നടത്തിയതിന്റെ വിശദാംശങ്ങൾ കമ്പനി ആദ്യമായാണ് പുറത്തുള്ളവരുമായി പങ്കുവയ്ക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ആദ്യ ഫലങ്ങളാണ് കൊവിഡ് വാക്സിൻ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നതെന്ന് ഫൈസർ ചെയർമാനും സിഇഒയുമായ ആൽബർട്ട് ബൗള പ്രസ്താവനയിൽ പറഞ്ഞു.

മുമ്പ് കൊവിഡ് ബാധിതരല്ലാത്തവരിൽ നടത്തിയ പരീക്ഷണങ്ങളിൽ രോഗബാധ തടയുന്നതിൽ വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതായി കമ്പനി അവകാശപ്പെടുന്നു.
മാത്രമല്ല, രണ്ട് ഡോസ് വാക്സിന് അടിയന്തര അനുമതി തേടി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ ഈ മാസം അവസാനം തന്നെ സമീപിക്കാനാണ് ഫൈസർ ഒരുങ്ങുന്നുവെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനു പുറമേ രണ്ടാമത്തെ ഡോസ് എടുത്ത് ഏഴ് ദിവസത്തിനകം വാക്സിൻ സ്വീകരിച്ചയാൾക്ക് കൊവിഡ് ബാധയിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് കമ്പനിയുടെ വാദം.

കുട്ടികളിൽ മീസിൽസ് അടക്കമുള്ളവയ്ക്കെതിരെ നൽകുന്ന വാക്‌സിൻ പോലെ പ്രാധാന്യം ഉള്ളതാണ് കൊവിഡ് വാക്‌സിനെന്ന് കമ്പനി വ്യക്തമാക്കുന്നു.

43,000ത്തിലധികം വോളന്റിയർമാരിൽ വാക്‌സിൻ പരീക്ഷണം നടത്തി കഴിഞ്ഞു. ഇതിൽ പത്ത് ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, മരുന്നെന്ന പേരിൽ മറ്റു വസ്തുക്കൾ നൽകിയവരിൽ 90 ശതമാനത്തിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ആളുകളിൽ വാക്‌സിൻ പരീക്ഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. വരും ആഴ്ചകളിൽ ഇതു സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിടുമെന്നും കമ്പനി വ്യക്തമാക്കി.

Story Highlights pfizer says the covid vaccine is 90 percent effective

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top