സ്‌കൂള്‍ തുറക്കുന്നതും കാത്ത്

..
എന്‍.കെ. സലീം/അനുഭവക്കുറിപ്പ്
കോഴിക്കോട് ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ് ലേഖകന്‍
എപ്പഴാ സ്‌കൂള്‍ തുറക്കാ.. വാപ്പാ….
ഷെയ്‌സ ഇപ്പോ ദിവസവും ചോദ്യം തന്നെ… രാവിലെത്തന്നെ ബാഗും തൂക്കി അവള്‍ സ്‌കൂളിലേക്ക് നടക്കും… അവളുടെ ലോകത്തിലെ കൂട്ടുകാരികളോട് സംസാരിക്കും… അവരോടൊപ്പം കളിയും ചിരിയും… ബാഗില്‍ നിറയെ പുസ്തകങ്ങള്‍… കുറേ നേരം മുറ്റത്ത് കൂടി… വീട്ടകങ്ങളിലൂടെ ബാഗും തൂക്കി നടക്കും… അവളുടെ സന്തോഷങ്ങളുടെ വലിയ ലോകങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയാണ്…
എല്‍കെജിക്കാരിയാണ്. മുന്‍പ് ഇത്താത്തയോടെപ്പം ഒരു പാട് തവണ നടുവണ്ണൂര്‍ ജിഎംഎല്‍പിയില്‍ കൂടെപ്പോയ അനുഭവങ്ങള്‍ എണ്ണിപ്പറയും.. അന്ന് ഒരുമിച്ച് ചോറു തിന്നതുമെല്ലാം… പറഞ്ഞ് പറഞ് ഏറ്റവുമൊടുവില്‍ ഞാനും പോകും അങ്ങിനെത്തന്നെ എന്ന് അവള്‍ പറയുമ്പോള്‍ മുറിവേല്‍ക്കുന്നത് എനിക്ക് മാത്രമാണോ….?
എത്രത്തോളം ഏകാന്തതയായിരിക്കും ഒരോ കുട്ടികളും ഇക്കാലത്ത് അനുഭവിക്കുന്നുണ്ടാവുക.. ഒച്ചപ്പാടുകളില്‍ നിന്നും കളിക്കൂട്ടുകളില്‍ നിന്നും പെടുന്നനെ ഒറ്റപ്പെട്ടു പോയ കുട്ടികളുടെ ലോകങ്ങള്‍… തനിയെ നടക്കുകയും ചിരിക്കുകയും കളിക്കുകയും ചെയ്യുന്ന കുഞ്ഞു വലിയ ലോകങ്ങള്‍… 10 വയസിന് താഴെയുള്ളവര്‍ക്ക് പൊതു സ്ഥലങ്ങള്‍ ഇപ്പോഴും അകലത്താണ്. കൊവിഡ് കാലത്ത് ഒരിക്കല്‍പ്പോലും പുറത്തിറങ്ങാത്ത കുഞ്ഞുങ്ങള്‍… പലപ്പോഴും മുതിര്‍ന്നവര്‍ പുറത്ത് പോയി വന്ന് അനുഭവങ്ങള്‍ പറയുമ്പോള്‍ കാതും മനസും കൂര്‍പ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ നമ്മള്‍ കാണുന്നുണ്ടോ…?
കാത്ത് കാത്തിരുന്ന ഒരു എല്‍കെജി. നാട്ടുമ്പുറത്തെ ഒരു ഗവ.സ്‌കൂളില്‍ത്തന്നെ.. നിറങ്ങളും ചിരികളും നിറഞ്ഞ ക്ലാസ് മുറികളില്‍ അവള്‍ മനസ് കൊണ്ടിരിക്കുന്നു…. വാട്‌സാപ്പില്‍ വരുന്ന ക്ലാസ് ടീച്ചര്‍ റസിയ ടീച്ചറോട് വിശേഷം ചോദിച്ചും പറഞ്ഞും ഓരോ ദിവസവും.. ഓരോ ദിവസവും അവള്‍ സ്വന്തം സ്‌കൂളിനെ സ്വപ്നം കാണുന്നുണ്ടാകും… പ്രതീക്ഷിക്കുന്നുണ്ടാവും ഒരുപാട് കാര്യങ്ങള്‍… അങ്ങിനെ ഒറ്റയില്‍ നിന്ന് ഒരു പാട് കൂട്ടുകാരികളോട് വര്‍ത്തമാനം പറയുന്നുണ്ടാകും.
കുഞ്ഞു ക്ലാസുകളില്‍ ഉമ്മക്ക് പുറമേ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താറ് ക്ലാസുകളിലെ ടീച്ചറുമ്മമാരായിരുന്നല്ലോ…. അവരുടെ ഒറ്റത്തലോടലില്‍ കുഞ്ഞുങ്ങള്‍ പൂത്ത് നിറയും… പക്ഷെ ഇപ്പോള്‍ ഈ കാലം….
ഓരോ ദിവസവും പെട്ടെന്ന് തുറക്കും.. പെട്ടെന്ന് തുറക്കും എന്ന് പറയാനല്ലാതെ എന്താണ് ചെയ്യാനാവുക. വരുമായിരിക്കും ല്ലേ കുഞ്ഞുങ്ങള്‍ ആര്‍ത്തുവിളിക്കുന്ന ആ കാലം… ടീച്ചറുമ്മമാര്‍ ഹൃദയം കൊണ്ട് പറയുന്ന കുഞ്ഞു വലിയ ക്ലാസുകള്‍….
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – school thurakunnathum kaath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here