ഹർമനും രക്ഷിക്കാനായില്ല; വിമൻസ് ടി-20 ചലഞ്ച് കിരീടം ട്രെയിൽബ്ലേസേഴ്സിന്

വിമൻസ് ടി-20 ചലഞ്ച് മൂന്നാം സീസൺ കിരീടം ട്രെയിൽബ്ലേസേഴ്സിന്. 16 റൺസിനാണ് നിലവിലെ ചാമ്പ്യന്മാരായ സൂപ്പർനോവാസിനെ ട്രെയിൽബ്ലേസേഴ്സ് കീഴ്പ്പെടുത്തിയത്. 119 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൂപ്പർനോവാസിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുക്കാനേ സാധിച്ചുള്ളൂ. 30 റൺസെടുത്ത ഹർമൻപ്രീത് കൗർ ആണ് ടസൂപ്പർനോവാസിൻ്റെ ടോപ്പ് സ്കോറർ. ട്രെയിൽബ്ലേസേഴ്സിനായി സൽമ ഖാത്തൂൻ മൂന്നും ദീപ്തി ശർമ്മ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
തകർച്ചയോടെയാാണ് സൂപ്പർനോവാസ് ഇന്നിംഗ്സ് ആരംഭിച്ചത്. രണ്ടാം ഓവറിൽ തന്നെ അപകടകാരിയായ ചമരി അത്തപ്പട്ടു (6) പുറത്തായി. സോഫി എക്സ്ലസ്റ്റൺ അത്തപ്പട്ടുവിനെ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ ട്രെയിൽബ്ലേസേഴ്സ് ബൗളർമാർ സൂപ്പർ നോവാസ് ബാറ്റ്സ്മാന്മാരെ ക്രീസിൽ തന്നെ തളച്ചിട്ടു. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ജമീമ റോഡ്രിഗസ് (13), തനിയ ഭാട്ടിയ (14), ശശികല സിരിവർധനെ (19) എന്നിവരൊക്കെ തുടക്കം ക്കിട്ടിയിട്ടും മികച്ച സ്കോർ നേടാനാവാതെ പുറത്തായി. തനിയ ഭാട്ടിയയെയും ജമീമ റോഡ്രിഗസിനെയും ദീപ്തി ശർമ്മ പുറത്താക്കിയപ്പോൾ ശശികലയെ സൽമ ഖാത്തൂൻ പുറത്താക്കി.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൽ മാത്രമായിരുന്നു പിന്നീട് സൂപ്പർനോവാസിൻ്റെ പ്രതീക്ഷ. പക്ഷേ, കാലിനു പരുക്കേറ്റ ഹർമൻ ബുദ്ധിമുട്ടിയതോടെ സൂപ്പർ നോവാസും കഷ്ടത്തിലായി. ഇതിനിടെ 19ആം ഓവറിൽ അനുജ പാട്ടീൽ (8) റണ്ണൗട്ടായി. ആ ഓവറിൽ തന്നെ ഹർമൻപ്രീതും പുറത്തായതോടെ ട്രെയിൽബ്ലേസേഴ്സ് ജയം ഉറപ്പിച്ചു. 30 റൺസെടുത്ത ഹർമനെ സൽമ ഖാത്തൂൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഓവറിലെ അഞ്ചാം പന്തിൽ പൂജ വസ്ട്രാക്കറും (0) പുറത്തായി. വസ്ട്രാക്കറെ എക്സ്ലസ്റ്റൺ പിടികൂടുകയായിരുന്നു.
Story Highlights – trailblazers won womens T-20 challenge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here