Advertisement

ബിഹാര്‍ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ജാര്‍ഖണ്ഡിലേക്ക് മാറ്റും

November 10, 2020
Google News 1 minute Read

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്ന 20 ഇടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ജാര്‍ഖണ്ഡിലേക്ക് മാറ്റാന്‍ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് കേന്ദ്രങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്‍ഡിഎയുടെ ലീഡ് കുറയുകയും ഡല്‍ഹിയില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. അട്ടിമറി സാഹചര്യം ഉണ്ടാകാതിരിക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎ 122 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. എംജിബി 113 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അന്‍പതോളം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയിലാണ്. ഇത് വരും മണിക്കൂറുകളില്‍ നിര്‍ണായകമാകും. ലീഡ് നില മാറിമറിയുന്നതിനുള്ള സാധ്യതയുണ്ട്.

ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായേക്കും. അന്തിമഫലം വരെ കാത്തിരിക്കണമെന്ന് അണികളോട് ആര്‍ജെഡി നേതൃത്വം ആവശ്യപ്പെട്ടു. ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജെഡിയു പ്രഖ്യാപിച്ചു. ജനവിധി ഭരണത്തിനുള്ള അംഗീകാരമെന്നും ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വസിഷ്ഠ നാരായണ്‍ സിംഗ് പറഞ്ഞു.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. മത്സരിച്ച 70 സീറ്റുകളില്‍ 19 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലീഡ് നേടാനായത്. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. സിപിഐഎംഎല്‍ പന്ത്രണ്ടിടത്ത് മുന്നിലാണ്. സിപിഐഎം മൂന്നിടത്തും സിപിഐ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മഹാസഖ്യമായിരുന്നു മുന്നില്‍. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം എന്‍ഡിഎ ലീഡ് ഉയര്‍ത്തുകയായിരുന്നു. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിക്കാണ് മുന്നേറ്റം. അതേസമയം, ബിഹാറില്‍ അന്തിമ തെരഞ്ഞെടുപ്പ് ഫലം വരാന്‍ അര്‍ധരാത്രി വരെ കാത്തിരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. 4.10 കോടി വോട്ടുകളില്‍ ഒരു കോടി വോട്ടുകളാണ് എണ്ണി തീര്‍ന്നത്. ഇവിഎം എണ്ണം വര്‍ധിപ്പിച്ചതിനാലാണ് വോട്ടെണ്ണല്‍ വൈകുന്നതെന്ന് എച്ച്ആര്‍ ശ്രീനിവാസ് പറഞ്ഞു. വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് മറ്റ് തടസങ്ങളൊന്നും ഇല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

Story Highlights bihar election result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here