മന്ത്രി കെ ടി ജലീലിനോട് വിദേശയാത്രകളുടെ രേഖകള്‍ തേടി കസ്റ്റംസ്

kt jaleel

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെ ടി ജലീലിനോട് വിദേശയാത്രകളുടെ രേഖകള്‍ തേടി കസ്റ്റംസ്. വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായി ഷാര്‍ജയിലേക്കും ദുബായിലേക്കും നടത്തിയ യാത്രകളുടെ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. അതേസമയം മതഗ്രന്ഥം വിതരണം ചെയ്യാന്‍ സ്വീകരിച്ചതിന്റെ ഉത്തരവാദിത്തം മാത്രമേ തനിക്കുള്ളൂവെന്ന് മന്ത്രി ചോദ്യം ചെയ്യലില്‍ വീണ്ടും വ്യക്തമാക്കി.

Read Also : പ്രോട്ടോകോളിന്റെ പേരിൽ കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് കോടിയേരി

യുഎഇ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മന്ത്രിയോട് യാത്ര രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. ഷാര്‍ജയില്‍ നടന്ന പുസ്തകമേളയിലും ദുബായില്‍ നടന്ന തിരൂരങ്ങാടി പി എസ് എം ഒ കോളജ് പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിലും പങ്കെടുക്കാനായി നടത്തിയ യാത്രകളുടെ അനുമതി പത്രമടക്കമുള്ള രേഖകളാണ് ഹാജരാക്കേണ്ടത്.

അതേസമയം ഷാര്‍ജ പുസ്തകമേളയുടെ യാത്രച്ചെലവ് മേളയുടെ സംഘാടകരും ദുബായ് യാത്ര സ്വന്തം ചെലവിലുമായിരുന്നു എന്നാണ് മന്ത്രിയുടെ വിശദീകരണം. രണ്ട് യാത്രകളും മുന്‍കൂര്‍ അനുമതിയോടെയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ മതഗ്രന്ഥം ഇറക്കുമതി ചെയ്തത് കോണ്‍സുലേറ്റും ഇളവ് നല്‍കിയത് കസ്റ്റംസുമാണെന്നിരിക്കെ വിതരണം ചെയ്തതിന്റെ ഉത്തരവാദിത്തം മാത്രമെ തനിക്കുള്ളു എന്ന നിലപാടിലാണ് മന്ത്രി.

32 മതഗ്രന്ഥങ്ങള്‍ വീതമുള്ള 32 പാക്കേജുകളാണ് നേരത്തെ സിആപ്റ്റിലെത്തിച്ചത്. ഇതില്‍ ഒരെണ്ണം മാത്രമാണ് പൊട്ടിച്ചത്. അന്വേഷണ ഏജന്‍സികള്‍ കൊണ്ടുപോയവ ഒഴിച്ച് എല്ലാം ഭദ്രമായി കെട്ടി വച്ചിട്ടുണ്ടെന്നും ജലീല്‍ കസ്റ്റംസിനോട് പറഞ്ഞു.

Story Highlights kt jaleel, customs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top