കൊലപാതകം അടക്കം 38 കേസുകൾ; ചോട്ട സർക്കാർ എന്ന് വിളിപ്പേര്; ബിഹാറിൽ ജനവിധി തേടി അധോലോക നായകനും

സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏറെ വൈവിധ്യങ്ങളാൽ നിറഞ്ഞതായിരുന്നു ബിഹാർ തെരഞ്ഞെടുപ്പ്. ക്രിക്കറ്ററിൽ നിന്ന് രാഷ്ട്രീയ നേതാവിന്റെ കുപ്പായമണിഞ്ഞ തേജസ്വി യാദവ് മുതൽ നിലവിൽ യുഎപിഎ കേസിൽ ജയിൽവാസമനുഷ്ടിക്കുന്ന ആനന്ത് സിംഗ് വരെയുണ്ട് ഈ പട്ടികയിൽ.
മുമ്പ് ‘സാമൂഹ്യവിരുദ്ധൻ’ എന്ന് തേജസ്വിയാദവ് തന്നെ വിളിച്ച ആനന്ത് സിംഗിന് തന്റെ പാർട്ടിയുടെ കീഴിൽ മത്സരിക്കാൻ അവസരം കൊടുത്ത അപൂർവ കാഴ്ചയും ഈ തെരഞ്ഞെടുപ്പിൽ നാം കണ്ടു.
കുപ്രസിദ്ധ അധോലോക നായകനായ ആനന്ത് സിംഗ് 1976 മുതൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രാഷ്ട്രീയ നേതാക്കളുടെ പേരിൽ കേസ് ഉണ്ടാവുക എന്നത് പുതിയ വാർത്തയല്ല. എന്നാൽ ബിഹാറിലെ സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ കേസുകളുള്ള വ്യക്തിയാണ് ആനന്ത് സിംഗ്. ബിഹാറിലെ ബെയൂർ ജയിലിൽ യുഎപിഎ കേസിനെ തുടർന്ന് ജയിൽവാസം അനുഷ്ടിക്കുകയാണ് ആനന്ത്.
‘ചോട്ടെ സർക്കാർ’ എന്ന് അറിയപ്പെടുന്ന 59 കാരനായ ആനന്തിന്റെ പേരിലുള്ളത് 38 കേസുകളാണ്. ഇതിൽ എട്ട് എണ്ണം കൊലപാതക കേസുകളാണ്. മൊകാമ സീറ്റിലാണ് ആനന്ദ് സിംഗ് മത്സരിക്കുന്നത്. മൂന്ന് തവണ എംഎൽഎയായിട്ടുള്ള ആനന്ത് സിംഗ് മെകാമ സീറ്റിൽ നിന്ന് ആദ്യമായി വിജയിക്കുന്നത് 2005ലാണ്.

പുട്ടൂസ് യാദവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ 2015ൽ നിയമനടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട് ആനന്തിന്.
തുടർന്ന് അറസ്റ്റിലായ ആനന്തിന് ജെഡിയു സീറ്റ് നിഷേധിച്ചു. എന്നാൽ സ്വതന്ത്രനായി നിന്ന് മത്സരിച്ച് 18,000 ൽ അധികം വോട്ടിന് വിജയിച്ചു ആനന്ത് സിംഗ്.

കഴിഞ്ഞ വർഷം ആനന്ത് സിംഗിന്റെ സ്വവസതിയിൽ നിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്ത കേസിൽ നിലവിൽ ജയിൽവാസം അനുഷ്ടിക്കുകയാണ് ആനന്ത് സിംഗ്. ജയിൽ അധികൃതർ ജാമ്യം നൽകിയതിനെ തുടർന്നാണ് നാമനിർദേശ പത്രിക സമർപ്പിച്ചത് പോലും.
Story Highlights – who is ananth kumar singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here