എം ആര് മുരളിയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം തള്ളി സിപിഐഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റി

എം ആര് മുരളിയെ ഷൊര്‍ണൂര്‍ നഗരസഭ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ജില്ലാക്കമ്മിറ്റി നിര്‍ദേശം സിപിഐഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റി തള്ളി. വിഭാഗീയത കൊടുമ്പിരി കൊണ്ട 2005ല്‍ പാര്‍ട്ടില്‍ നിന്ന് പുറത്ത് പോയ എം ആര് മുരളി പിന്നീട് പിണറായി വിജയന്റെ അടക്കം നിര്‍ദേശ പ്രകാരമാണ് സിപിഐഎമ്മിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ഇപ്പോഴും മുരളിയെ അംഗീകരിക്കാന്‍ ഒറ്റപ്പാലം ഏരിയ കമ്മിറ്റിയിലെ ചിലര്‍ തയാറാകുന്നില്ലെന്നാണ് ജില്ലാ കമ്മിറ്റിയിലെ പ്രബല വിഭാഗത്തിന്റെ ആക്ഷേപം.
Read Also : കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഐഎം; അന്വേഷണം രാഷ്ട്രീയ പ്രേരിതമാകുന്നു
മുരളി ഷൊര്‍ണൂര്‍ നഗരസഭയിലേക്ക് മത്സരിക്കണമെന്ന പ്രമുഖ നേതാക്കളുടെ താത്പര്യമായിരുന്നു. എന്നാല്‍ ഇത് സമ്മതിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഒറ്റപ്പാലം ഏരിയ കമ്മറ്റി. മുരളിയില്ലാതെ ഇന്നലെ സമര്‍പ്പിച്ച ഷൊര്‍ണൂര്‍ നഗരസഭയിലെ സ്ഥാനാര്‍ത്ഥി പട്ടിക പാലക്കാട് ജില്ലാ കമ്മിറ്റി മരവിപ്പിച്ച് തിരിച്ചയച്ചിരുന്നു. മുരളി കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു കേന്ദ്ര കമ്മിറ്റി അംഗമായ മന്ത്രി എ കെ ബാലന്റെ നിര്‍ദേശം. എന്നാല്‍ ഇന്ന് രാവിലെ ചേര്‍ന്ന ഒറ്റപ്പാലം ഏരിയ കമ്മിറ്റി തീരുമാനം പുന:പരിശോധിക്കണമെന്ന .ജില്ലാ കമ്മിറ്റി ആവശ്യം തള്ളി.
മുരളിക്ക് വേണ്ടി ഏരിയ കമ്മിറ്റിയില്‍ വലിയ വാദപ്രതിവാദങ്ങള്‍ നടന്നതായാണ് വിവരം. കമ്മിറ്റിയില്‍ നേരിയ ഭൂരിപക്ഷമുള്ള എം ആര് മുരളി വിരുദ്ധ വിഭാഗം മുരളി മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു. അടുത്ത ദിവസം ജില്ലാ കമ്മിറ്റി വീണ്ടും യോഗം ചേരുന്നുണ്ട്. മുരളിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ജില്ലാ കമ്മിറ്റിയും പറ്റില്ലെന്ന നിലപാടില്‍ ഒറ്റപ്പാലം ഏരിയ കമ്മിറ്റിയും ഉറച്ചു നിന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.
Story Highlights – m r murali, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here