Advertisement

മുംബൈ ഇന്ത്യൻസിന് ഐപിഎൽ കിരീടം; പഴയ ക്ലീഷേ കഥ തന്നെ: ഇന്നത്തെ (അവസാനത്തെ) ഐപിഎൽ കാഴ്ചകൾ

November 11, 2020
Google News 2 minutes Read
mi won ipl analysis

നാലു വട്ടം കേട്ട് പഴകിയ ഒരു വാചകമാണ് ഇന്നും പറയാനുള്ളത്. മുംബൈ ഇന്ത്യൻസിന് ഐപിഎൽ കിരീടം. ഇതൊക്കെ പ്രത്യേകം പറയാനുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. പാവം ഡൽഹി നാലു തവണയാണ് സീസണിൽ മുംബൈയുമായി കളിച്ചത്. നാലു തവണയും പരാജിതരുടെ കൂട്ടത്തിലായിപ്പോയി. കഴിഞ്ഞ സീസണിലെ ചെന്നൈയുടെ അതേ വിധി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുക, മികച്ച സ്കോർ കണ്ടെത്തുക എന്ന ലക്ഷ്യം ആദ്യ പന്തിൽ തന്നെ പാളിയതോടെ ഡൽഹി ബാക്ക്ഫൂട്ടിലായി. ഫൈനലിൽ, പവർപ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുക എന്നാൽ നിങ്ങൾ പകുതി തോറ്റ് കഴിഞ്ഞിരിക്കുന്നു. സീസണിലാദ്യമായി മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഋഷഭ് പന്തും ശ്രേയാസ് അയ്യരും ചേർന്ന് ഭേദപ്പെട്ട ഒരു സ്കോറിൽ എത്തിക്കുമ്പോൾ മികച്ച ബൗളിംഗ് നിരയുള്ള ഡൽഹിക്ക് മുംബൈയെ ഒന്ന് പരീക്ഷിക്കാൻ കഴിയുമെന്ന് കരുതി.

Read Also : മുന്നിൽ നിന്ന് പട നയിച്ച് രോഹിത്; മുംബൈക്ക് അഞ്ചാം ഐപിഎൽ കിരീടം

പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്റ്റത്തിൽ 61 റൺസ് നേടിയ മുംബൈ മത്സരം പകുതി ജയിച്ചുകഴിഞ്ഞിരുന്നു. ഫൈനലുകൾ ഒരുപാട് കളിച്ച മുംബൈ സമ്മർദ്ദങ്ങളൊന്നുമില്ലാതെ കളിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ്മ നിർണായക മത്സരത്തിൽ ഫോമിലേക്കുയർന്നു. ഇഷാൻ കിഷൻ പക്വത കൊണ്ട് വീണ്ടും അതിശയിപ്പിച്ചു. ഒടുവിൽ അനായാസം ജയം, കിരീടം.

ജസ്പ്രീത് ബുംറ- നിലവിൽ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാൾ. ഹർദ്ദിക് പാണ്ഡ്യ- നിലവിൽ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ. കൃണാൽ പാണ്ഡ്യ- ടി-20 ടീമിൽ വന്നും പോയിയും ഇരിക്കുന്നു. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രാഹുൽ ചഹാർ എന്നീ മൂന്ന് താരങ്ങൾ ഏറെ വൈകാതെ രാജ്യാന്തര മത്സരങ്ങളിൽ കളിക്കാനുള്ളവർ. യൂ സീ ദി ഐറണി? ഇവരെയെല്ലാം മുംബൈ ഇന്ത്യൻസ് വളർത്തിയെടുത്തതാണ്. സൂര്യ മുംബൈക്ക് മുൻപും ഐപിഎലിൽ കളിച്ച് പ്രതിഭ തെളിയിച്ചിരുന്നെങ്കിലും ഏറെ സുപ്രധാനമായ മൂന്നാം നമ്പറിലിറക്കി ഒരു മാച്ച് വിന്നറാക്കി മാറ്റിയത് മുംബൈ തന്നെയായിരുന്നു. അത്ര ശക്തമായ ഒരു കോർ ഗ്രൂപ്പ് ഉണ്ട് എന്നതാണ് മുംബൈയുടെ ജയം.

യുവ ക്യാപ്റ്റൻ. പ്രധാനപ്പെട്ട താരങ്ങളുടെ പരിക്ക്. പ്രമുഖ താരങ്ങളുടെ ഫോമൗട്ട്. ഡൽഹിക്ക് ഒട്ടേറെ ആശങ്കയുണ്ടായിരുന്നു. സക്കൻഡ് ഹാഫിൽ ചക്രം ഊരിപ്പോയ ഒരു കൈവണ്ടിയായിരുന്നു ഡൽഹി. പക്ഷേ, മുംബൈ അഞ്ചാം കിരീടമുയർത്തി നിൽക്കുന്ന ഈ വേളയിൽ അവരെ പരാമർശിക്കാതെ പോവാനാവില്ല.

Read Also : പന്തിനും അയ്യരിനും ഫിഫ്റ്റി; തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി ഡൽഹി: ഐപിഎൽ കിരീടം നേടാൻ മുംബൈക്ക് 157 റൺസിന്റെ വിജയലക്ഷ്യം

13 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഡൽഹി ഫൈനൽ കളിക്കുന്നത്. പോണ്ടിംഗും ശ്രേയാസും പിന്നെ കുറച്ച് യുവാക്കളും ചേർന്ന് ഡൽഹിയെ അത്ര അടുത്തെത്തിച്ചു. സീസണിൽ ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയെടുത്താൽ ശ്രേയാസ് അയ്യർ വ്യക്തിപരമായി അതിൽ ഒന്നാമതാണ്. വർഷങ്ങൾ കഴിയും തോറും എക്സ്പീരിയൻസ് വർധിക്കും. സമ്മർദ്ദ ഘട്ടങ്ങളെ എങ്ങനെ ടാക്കിൾ ചെയ്യണമെന്ന് പഠിക്കും. അങ്ങനെയൊക്കെയാണ് ഒരു ചാമ്പ്യൻ ടീം ഉദയം കൊള്ളുന്നത്.

മുംബൈ ഇന്ത്യൻസ് ഒരു സുപ്രഭാതത്തിൽ ഇങ്ങനെ ആയതല്ല. സ്കൗട്ടിംഗിലൂടെ കണ്ടെത്തി ടീമിലെത്തിച്ച താരങ്ങളൊക്കെയാണ് ഇപ്പോൾ ടീമിൻ്റെ നട്ടെല്ല്. അതുകൊണ്ട് തന്നെ ഡൽഹിക്ക് തല ഉയർത്തി രണ്ടാം സ്ഥാനം ഏറ്റുവാങ്ങാം. നിങ്ങൾ പരാജയപ്പെട്ടത് മുംബൈ ഇന്ത്യൻസിനോടാണ്.

Story Highlights mumbai indians won 5th ipl analysis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here