എറണാകുളത്ത് വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് വിൽപന നടത്തിയിരുന്ന സംഘം പിടിയിൽ

എറണാകുളത്ത് വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് വിൽപന നടത്തിയിരുന്ന സംഘം പിടിയിൽ. ഒഎൽഎക്‌സ് വഴി വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങൾ വ്യാജ രേഖകളുണ്ടാക്കി മറിച്ച് വിറ്റിരുന്ന മൂന്നംഗ സംഘമാണ് പിടിയിലായത്. പത്തിലധികം വാഹനങ്ങൾ പ്രതികൾ തട്ടിയെടുത്തതായി പൊലീസ് പറയുന്നു.

ഒഎൽഎക്‌സ് വഴി കാറുകൾ വാടകയ്ക്ക് നൽകിയവരാണ് തട്ടിപ്പിനിരയായവരിൽ ഏറെയും. പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ നജീബ് കടവന്ത്ര സ്വദേശി ജിനു, സജാദ് എന്നിവരാണ് അറസ്റ്റിലായത്. ഒരു മാസത്തേക്ക് വാടകക്കെടുക്കുന്ന വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിച്ച ശേഷം ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമിക്കുകയും വ്യാജ രേഖകൾ ഉണ്ടാക്കുകയും ചെയ്യും. ഇതിന് ശേഷം വാഹനങ്ങൾ തമിഴ്‌നാട് കേന്ദ്രീകരിച്ച് പണയപ്പെടുത്തും. പണയപ്പെടുത്തിയ വാഹനങ്ങളുടെ ലൊക്കേഷൻ കണ്ടെത്തുകയും അവ മോഷ്ടിച്ച് വീണ്ടും വിൽപന നടത്തുകയുമാണ് പ്രതികൾ ചെയ്തിരുന്നത്.

മെക്കാനിക്കൽ എൻജിനീയറായ രണ്ടാം പ്രതി ജിനുവാണ് വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുകയും ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമിക്കുകയും ചെയ്തിരുന്നത്. ഒന്നാം പ്രതി അബ്ദുൾ നജീബ് വിസ തട്ടിപ്പ് കേസിലും മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിലും പ്രതിയാണ്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ കെ എം ജിജി മോൻ, കളമശേരി സി.ഐ സന്തോഷ്, എസ്.ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Story Highlights Police nab vehicle dealers in Ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top