വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയില്ല; വിവരാവകാശ രേഖ പുറത്ത്

നിർദിഷ്ട വയനാട് മേപ്പാടി കള്ളാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് വിവരാവകാശ രേഖ. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും വനംവകുപ്പ് കേന്ദ്രസർക്കാരിന് നൽകിയിട്ടില്ല. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
മേപ്പാടി കളളാടി തുരങ്കപാത സംബന്ധിച്ച് മൂന്ന് ചോദ്യങ്ങളാണ് കോഴിക്കോട് പേരാമ്പ്രാ സ്വദേശി പ്രദീപ് കുമാർ വനംവകുപ്പ് ആസ്ഥാനത്ത് നൽകിയ വിവരാവകാശ അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുളളത്. തുരങ്കപാതയുടെ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ അപേക്ഷ നൽകിയിട്ടുണ്ടോ എന്നാണ് ആദ്യ ചോദ്യം, ഇതിന് ഇല്ലെന്നാണ് മറുപടി. വനംവകുപ്പിൽ നിന്ന് അപേക്ഷകൾ സമർപ്പിച്ചുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം ഇല്ലെന്നു തന്നെ. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ എന്തെങ്കിലും കത്തിടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന മൂന്നാമത്തെ ചോദ്യത്തിനും സർക്കാരിന് മറുപടിയില്ല.
650 കോടി രൂപയാണ് തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചത്. സർവ്വേ പ്രവർത്തികൾ കൊങ്കൺ റെയിൽ കോർപ്പറേഷനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്ര ബൃഹത്തായ പദ്ധതിയുടെ പ്രാഥമികമായ അനുമതി പോലും നേടാതെ ലോഞ്ചിംഗ് ഉൾപ്പടെ നടത്തിയത് തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചു മാത്രാമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അതിനിടെ പ്രതിപക്ഷ ആരോപണത്തിനെതിരെ കൽപറ്റ എം.എൽ.എ സി. കെ ശശീന്ദ്രൻ രംഗത്തെത്തി. പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികളാണ് ആരംഭിച്ചതെന്നും ഉയരുന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുളളതാണെന്നും സി. കെ ശശീന്ദ്രൻ വ്യക്തമാക്കി. വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതി പരിസ്ഥിതി ദുർബല പ്രദേശത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് അപ്രായോഗികമാണെന്നും ആരോപിച്ച് പരിസ്ഥിതി പ്രവർത്തകരും നേരത്തെ രംഗത്ത് വന്നിരുന്നു.
Story Highlights – no environmental clearance for wayanad tunnel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here