Advertisement

വിദഗ്ധ ചികിത്സയ്ക്ക് പോസ്റ്റ് കൊവിഡ് റഫറല്‍ ക്ലിനിക്കുകള്‍; പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം നിസാരമായി കാണരുത്

November 12, 2020
Google News 2 minutes Read

സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളില്‍ സ്ഥാപിച്ച പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ സ്ഥിതി ചെയ്യപ്പെടുന്ന പ്രദേശത്തെ കൊവിഡ് ഭേദമായ എല്ലാ രോഗികളുടെയും ഒരു പട്ടിക തയാറാക്കി എല്ലാവര്‍ക്കും കൊവിഡാനന്തര ചികിത്സ ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആദ്യഘട്ടമായി എല്ലാ വ്യാഴാഴ്ചയുമാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതല്‍ ദിവസങ്ങളിലേക്ക് വ്യാപിപ്പിക്കും. കൊവിഡ് ബാധിച്ച് ഭേദമായ എല്ലാ രോഗികളെയും മാസത്തില്‍ ഒരു തവണയെങ്കിലും ഈ ക്ലിനിക്കുകളിലൂടെയോ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമിലൂടെയോ ടെലിഫോണ്‍ മുഖനെയോ ബന്ധപ്പെടുകയും അവരുടെ ആരോഗ്യസ്ഥിതി മനസിലാക്കിക്കൊണ്ട് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഇതിനായി ഇത്തരം ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ഫീല്‍ഡുതല ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കി കഴിഞ്ഞു. അതാത് പ്രദേശങ്ങളിലെ രോഗികളെ ഇത്തരം ക്ലിനിക്കുകളില്‍ എത്തിക്കുന്നതിന് ആശാ വര്‍ക്കര്‍മാരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകളില്‍ ഗുരുതര രോഗലക്ഷണങ്ങളോടു കൂടി എത്തുന്നവരുടെ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ദ്വിതീയ തൃതീയ തലങ്ങളില്‍ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പോസ്റ്റ് കൊവിഡ് റഫറല്‍ ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. ഇത്തരം ക്ലിനിക്കുകളില്‍ ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ന്യൂറോളജി, സൈക്യാട്രി, ഫിസിക്കല്‍ മെഡിസിന്‍ തുടങ്ങിയ സ്പെഷ്യാലിറ്റികളുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.

ആശുപത്രികളില്‍ ഇത്തരം സ്പെഷ്യലിസ്റ്റ് സേവനം ആവശ്യമുള്ളവര്‍ക്കും എന്നാല്‍ ഗുരുതരമല്ലാത്ത ലക്ഷണം ഉള്ളവര്‍ക്കും ഇ-സഞ്ജീവനി ടെലിമെഡിസിന്‍ വഴി സേവനങ്ങള്‍ നല്‍കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ചെയ്തു കഴിഞ്ഞു. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളില്‍ എത്തപ്പെടുന്ന രോഗികളുടെ രോഗ വിവരങ്ങളും നല്‍കിയ ചികിത്സയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി മാര്‍ഗ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റും തയാറാക്കിയിട്ടുണ്ട്. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ആശുപത്രി തലത്തിലും പ്രത്യേക കമ്മറ്റികളും ടീമുകളും രൂപീകരിച്ചിട്ടുണ്ട്.

കൊവിഡ് മുക്തി നേടിയവരില്‍ പിന്നീട് പ്രത്യക്ഷപ്പെടുന്ന രോഗങ്ങളായ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം നിസാരമായി കാണരുത്. കൊവിഡ് രോഗമുക്തി കൈവരിച്ച പലര്‍ക്കും പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടു വരുന്നുണ്ട്. അതില്‍ ഒരു ചെറിയ ശതമാനം പേര്‍ക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. അമിതമായ കിതപ്പ് മുതല്‍ ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ വരെ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോമില്‍ ഉള്‍പ്പെടുന്നു. ഇത് നിസാരമായി കണ്ടാല്‍ ഗുരുതരാവസ്ഥയിലെത്തിക്കും. പോസ്റ്റ് കൊവിഡ് സിന്‍ഡ്രോമിനെ ഫലപ്രദമായി നേരിടുന്നതിനാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. കൊവിഡ് രോഗമുക്തര്‍ ഈ സേവനം ഉപയോഗിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights Post covid referral clinics for specialist treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here