കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം എല്ലാ സഹായവും ചെയ്യുന്നുണ്ട്; തോമസ് ഐസക്കിന്റെ ആരോപണം തള്ളി വി മുരളീധരന്‍

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വികസനപദ്ധതികള്‍ അട്ടിമറിക്കുന്നുവെന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. കേരളം സിപിഐഎമ്മിന്റെ തറവാട്ടുസ്വത്തല്ലെന്നും കള്ളപ്പണഇടപാടില്‍ ആരൊക്കെയാണ് പങ്കാളികളെന്ന് വൈകാതെ വ്യക്തമാകുമെന്നും മന്ത്രി. കോടിയേരിയെ ബലിയാടാക്കി മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടെന്നും വി മുരളീധരന്‍.
കോടിയേരിയുടെ രാജി പാര്‍ട്ടി വിഷയമാണെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ ഡി കസ്റ്റഡിയിലായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി കോടിയേരിയുടെ പാത പിന്തുടരുന്നില്ലെന്നും വി മുരളീധരന്‍. ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിഎജിയുടേയും കേന്ദ്ര ഏജന്‍സികളുടേയും ഭീഷണി കേരളത്തോടു വേണ്ടെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഒന്‍പത് പരിശോധന നടത്തിയിട്ടും ഉന്നയിക്കാത്ത ഭരണഘടനാ പ്രശ്‌നം കരടുറിപ്പോര്‍ട്ടില്‍ സിഎജി ഉന്നയിച്ചത് വികസന പദ്ധതികളെ തുരങ്കം വയ്ക്കാനാണ്. കിഫ്ബിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്ന് മന്ത്രി. കിഫ്ബിക്കെതിരെ ബിജെപിക്കാരന്‍ നല്‍കിയ കേസിന്റെ വക്കാലത്ത് കെപിസിസി സെക്രട്ടറി മാത്യു കുഴല്‍നാടനാണ്. വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണോയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു.
ധനമന്ത്രിയുടേത് ഗുരുതര ചട്ടലംഘനമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിയമസഭയില്‍ വയ്ക്കാത്ത ഓഡിറ്റ് റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തിയെന്നും ചെന്നിത്തല.
Story Highlights – v muraleedharan, thomas issac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here