ഓസീസ് പര്യടനം; ഇന്ത്യൻ ടീം ആദ്യമായി പരിശീലനത്തിനിറങ്ങി

ഓസീസ് പര്യടനത്തിനായി സിഡ്നിയിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ആദ്യമായി പരിശീലനത്തിനിറങ്ങി. കൂടുതലായും റണ്ണിംഗ് ഡ്രിപ്പുകളും ജിം സെഷനുമാണ് താരങ്ങൾ ചെയ്തത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ബിസിസിഐ പരിശീലന ചിത്രങ്ങൾ പുറത്തിട്ടിട്ടുണ്ട്. രണ്ട് ദിവസങ്ങൾക്കു മുൻപാണ് താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയത്.
ഐപിഎൽ അവസാനിച്ചതിനു ശേഷം ദുബായിൽ നിന്നാണ് താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയത്. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ടീം ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമാണ് ഓസ്ട്രേലിയക്കെതിരെ നടക്കുക. ഏകദിന, ടി-20, ടെസ്റ്റ് പരമ്പരകൾ ഉൾപ്പെട്ട പര്യടനം രണ്ട് മാസത്തോളം നീണ്ട് നിൽക്കും.
നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. ഡിസംബർ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.
Read Also : ഓസീസ് പര്യടനം; ഇന്ത്യൻ ടീം സിഡ്നിയിലെത്തി
ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
Story Highlights – India in Australia: Team india have first training session
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here