Advertisement

കെ ഫോണ്‍ പദ്ധതി; ഒരു കുത്തക കമ്പനിയുടെയും വക്കാലത്ത് എടുത്ത് അന്വേഷണ സംഘം ഇവിടേക്ക് വരേണ്ട: മുഖ്യമന്ത്രി

November 16, 2020
Google News 1 minute Read

അന്വേഷണ ഏജന്‍സികള്‍ നിക്ഷിപ്ത താത്പര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലെ യുവാക്കള്‍ കാത്തിരിക്കുകയാണ് കെ ഫോണിനായി. നാടിന്റെ യുവതയുടെ പ്രതീക്ഷയാണത്. കേരളമാകെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഒരുക്കുന്നു. ചിലര്‍ക്ക് അത് പ്രയാസം ഉണ്ടാക്കും. ആ നിക്ഷിപ്ത താത്പര്യം എങ്ങനെ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്ക് വരും. എന്തിനാണ് അവര്‍ ഇടപെടുന്നത്. എന്താണ് അവര്‍ക്കുള്ള സംശയം. കിഫ്ബിയുടെ ഫണ്ടാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. അതുമായി ബന്ധപ്പെട്ട് എവിടെയാണ് സംശയം. കിഫ്ബി നടപ്പാക്കുന്ന നിര്‍വഹണ ഏജന്‍സികളെക്കുറിച്ചല്ല. കെ ഫോണ്‍ എന്നതിനോടാണ് ചിലര്‍ക്ക് വിയോജിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജന്‍സികളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിങ്ങള്‍ എന്തിന് കെ ഫോണിന് പോകണം, അതിന് വേറെ ആള്‍ക്കാരില്ലേ ഇവിടെ. ആ കാര്യം നടത്താന്‍ ഒരുപാട് സ്വകാര്യ ഏജന്‍സികളും കുത്തക കമ്പനികളും ഇവിടുണ്ടല്ലോ എന്നതാണ് പരോക്ഷമായി അന്വേഷണ ഏജന്‍സി പറയുന്നത്. അതിന് അതേ നാണയത്തില്‍ പറയുകയാണ് അത് മനസില്‍ വച്ചാല്‍ മതി. ഒരു കുത്തകയുടെയും വക്കാലത്ത് എടുത്ത് ഇവിടേക്ക് വരേണ്ട. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ നാടും ജനങ്ങളും അനുകൂലിക്കുന്നതാണ്. എന്നാല്‍ ചിലര്‍ക്ക് പ്രയാസമുണ്ട്. ആ പ്രയാസം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതൊക്കെ നടക്കുന്നല്ലോ എന്നുള്ളതാണ്. ഒന്ന് മാറി ചിന്തിച്ചാല്‍ എന്താണ് ഒരു സര്‍ക്കാരിന്റെ ധര്‍മം. നാടിന്റെ വികസനം ഉറപ്പുവരുത്തലല്ലേ. ഏതൊരു സര്‍ക്കാരും ചെയ്യേണ്ട കാര്യമല്ലേ. നാടിന്റെ വികസനം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനം ഒരു സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അത് സര്‍ക്കാരിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനമായി പോകുമെന്നാണോ കാണേണ്ടത്.

നാടിന്റെ വികസനത്തിനായി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് സര്‍ക്കാരിന്റെ യശസ് ഉയര്‍ത്തിയാല്‍ തങ്ങള്‍ക്ക് ദോഷമാണ് എന്ന് വിചാരിക്കരുത്. കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല അതിന് ഉത്തരവാദികള്‍. കേരളത്തിന് മികച്ച ഗവേണന്‍സിന് പദവികള്‍ ലഭിക്കുന്നു. അതില്‍ രാഷ്ട്രീയ നേതൃത്വത്തിനല്ല പങ്ക്. ഉദ്യോഗസ്ഥര്‍ക്കാണ്. ആ ഉദ്യോഗസ്ഥര്‍ക്ക് മേലെ ഇന്ത്യ രാജ്യത്തിലെ അന്വേഷണ ഏജന്‍സികള്‍ മുഴുവന്‍ വട്ടമിട്ട് പറക്കുകയാണ്. രാജ്യത്തെ ഒരു ഏജന്‍സി ഒഴികെ ബാക്കിയെല്ലാം ഇവിടെയുണ്ടെന്നാണ് തോന്നുന്നത്. ഉദ്യോഗസ്ഥരെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നിസംഗരാക്കുന്ന വിധത്തില്‍ ഇടപെടുന്നു. എന്താണ് അതിന്റെ ഉദ്ദേശം.

ലൈഫ് പദ്ധതികൊണ്ട് നാട്ടില്‍ ഗുണം കിട്ടുന്നത് പാവപ്പെട്ട വീടില്ലാത്തവര്‍ക്കാണ്. ഇപ്പോഴും അതിന്റെ പ്രവര്‍ത്തനം നടക്കുകയാണ്. എന്തിനാണ് അതിന്റെ മേക്കിട്ട് കയറുന്നത്. അതിന്റെ ചുമതലക്കാരനെ ഒന്നിനുപുറകെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത് എന്തിനാണ്. അതിന്റെ പുറകെ വരുന്നു കെഫോണിനെ പറ്റി അറിയണം എന്നുപറഞ്ഞ്. നാട്ടിലെ യുവാക്കള്‍ കാത്തിരിക്കുകയാണ് കെഫോണിനായി. നാടിന്റെ യുവതയുടെ പ്രതീക്ഷയാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights K fon Project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here