കോതമംഗലം പള്ളിത്തര്‍ക്കം; നിലപാട് കടുപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭ

കോതമംഗലം പള്ളിത്തര്‍ക്കക്കേസില്‍ നിലപാട് കടുപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭ. വിധി നടത്തിപ്പ് വേഗത്തില്‍ വേണമെന്ന ആവശ്യമാണ് ഓര്‍ത്തഡോക്‌സ് പക്ഷം ഉന്നയിക്കുന്നത്. എന്നാല്‍ പള്ളി കൈമാറ്റത്തെ പരമാവധി പ്രതിരോധിക്കാനാണ് യാക്കോബായ വിഭാഗത്തിന്റെ ശ്രമം. പള്ളികളുടെ ഭരണ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമാകുന്ന ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ഒരു വിഭാഗം യാക്കോബായ വിശ്വാസികളുടെ അവശ്യം.
യാക്കോബായ വിശ്വാസികളുടെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിയിലെ വിധി നടത്തിപ്പിലാണ് അനിശ്ചിതത്വം തുടരുന്നത്. പള്ളിയുടെ ഭരണ നിയന്ത്രണം ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കൈമാറണമെന്ന അന്ത്യശാസനം ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ യാക്കോബായ പക്ഷം വിശ്വാസികളുടെ നിലപാടിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സമവായ ചര്‍ച്ചകളെ കോടതിയില്‍ സര്‍ക്കാര്‍ ആയുധമാക്കുകയും ചെയ്തു. ചര്‍ച്ച് ആക്ടിന് സമാനമായ ഓര്‍ഡിനന്‍സ് താത്കാലിക പരിഹാര നിര്‍ദേശമായി സര്‍ക്കാരിന് മുന്നിലെത്തുകയും ചെയ്തിരുന്നു. സമാധാന ചര്‍ച്ചകള്‍ ഓര്‍ത്തഡോക്‌സ് പക്ഷം ഉപേക്ഷിച്ചതോടെ സര്‍ക്കാര്‍ ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്. കേസില്‍ കോടതിയുടെ അന്തിമ തീരുമാനം വരുന്ന മുറയ്ക്കാകും സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍. സര്‍ക്കാര്‍ നിലപാട് വഞ്ചനയാണെന്നാണ് ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ ആരോപണം.
കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപള്ളി വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ വിശ്വാസികള്‍. ക്രൈസ്തവ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി പളളി പിടിച്ചെടുക്കാനുള്ള നീക്കം ഓര്‍ത്തഡോക്‌സ് പക്ഷം ഉപേക്ഷിക്കണമെന്നും സഭ ആവശ്യപ്പെടുന്നു. നിരവധി ഇടങ്ങളില്‍ ഇതിനകം വിധി നടപ്പായതിനാല്‍ സര്‍ക്കാര്‍ മുന്‍കൈ കയ്യെടുത്ത് തുടങ്ങി വെച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാകും വരെ തിടുക്കത്തിലുള്ള പള്ളി കൈമാറ്റ ആവശ്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭ നിന്ന് പിന്മാറണമെന്നും യാക്കോബായ പക്ഷം ആവശ്യപ്പെടുന്നു. പ്രശ്‌നത്തില്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ശ്രമിക്കുമോയെന്നതാണ് ഇനി ശ്രദ്ധേയം.
Story Highlights – Kothamangalam church dispute; Orthodox Church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here