നടിയെ ആക്രമിച്ച കേസ്; കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിക്ക് മുൻകൂർ ജാമ്യം

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിക്ക് മുൻകൂർ ജാമ്യം. കാസർഗോഡ് ജില്ല സെഷൻസ് കോടതിയാണ് ബി പ്രദീപ് കുമാറിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ബേക്കൽ പൊലീസ് നോട്ടീസയച്ച ഘട്ടത്തിൽ തന്നെ ബി പ്രദീപ് കുമാർ മുൻകൂർ ജാമ്യത്തിനായുള്ള നീക്കം ആരംഭിച്ചിരുന്നു. രണ്ടു ദിവസത്തിനകം ഹാജരാകാനായിരുന്നു പൊലീസ് നിർദേശം. ഇതിനിടെയാണ് ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി കൂടിയായ പ്രദീപ് കുമാറിന് കാസർഗോഡ് ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായ തൃക്കണ്ണാട് സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ജാമ്യം. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും നിർദേശമുണ്ട്.

കേസിൽ ദിലീപിന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ ഇല്ലാതാക്കി കളയും എന്ന് ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. വിശദമായ അന്വേഷണത്തിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രദീപ് കുമാറിന്റെ പങ്ക് പൊലീസ് കണ്ടെത്തിയത്. എന്നാൽ, പ്രതിക്ക് ജാമ്യം ലഭിക്കാനാവശ്യമായ ഇടപെടലാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നും നേരത്തെ ആക്ഷേപമുയർന്നിരുന്നു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്കു വേണ്ടി ജയിലിൽ നിന്നും ദിലീപിന് കത്തയച്ച വിപിൻ ലാലിന്റെ മൊഴി ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റം തെളിയിക്കുന്നതിൽ നിർണായകമാണ്.

Story Highlights Case of assault on actress; KB Ganesh Kumar MLA’s office secretary granted anticipatory bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top