തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഇന്നും നാളെയും ശക്തമായ മഴ

വ്യാഴാഴ്ച്ചയോടെ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്.പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ ഒമാന്‍ -യമന്‍ ഭാഗത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തിന് ഭീഷണിയല്ലെന്നാണ് നിലവിലെ അനുമാനം.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ശക്തമായ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പുണ്ട്.

ആഗോള കാലാവസ്ഥ പ്രതിഭാസമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ അറബിക്കടലില്‍ പ്രവേശിച്ചതാണ്അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത സജീവമാക്കിയത്. വരുന്ന ആഴ്ചകളില്‍ ബംഗാള്‍ഉള്‍ക്കടലിലേക്ക് എംജെഒ പ്രതിഭാസം നീങ്ങുന്നതോടെ അവിടെയും ന്യൂനമര്‍ദ്ദ സാധ്യത സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

Story Highlights Low pressure in Arabian Sea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top