പെരിയ ഇരട്ട കൊലപാതകക്കേസ്; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

periaya case; state government's petition Supreme Court

പെരിയ ഇരട്ട കൊലപാതകക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും, രേഖകള്‍ കൈമാറുന്നില്ലെന്നും വ്യക്തമാക്കി സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലം കോടതി പരിശോധിക്കും. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ സമര്‍പ്പിച്ച തടസഹര്‍ജിയും കോടതിയുടെ പരിഗണനയില്‍ വരും.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രിംകോടതി ഇതുവരെ അംഗീകരിച്ചിട്ടില്ല. സിബിഐയുടെ മറുപടി വരട്ടേയെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അന്വേഷണനടപടികളില്‍ പുരോഗതിയുണ്ടെങ്കില്‍ സിബിഐ അന്വേഷണത്തില്‍ ഇടപെടില്ലെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കേസ് അന്വേഷണം ഏറ്റെടുത്ത കാര്യം സിബിഐ രേഖാമൂലം അറിയിച്ചത്. മുപ്പത്തിനാല് പേരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചെന്നും, സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയെന്നും സിബിഐ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലായ്മയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സുപ്രിംകോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. 2019 ഫെബ്രുവരി 17നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.

Story Highlights periaya case, state government’s petition, Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top