ജോസ് കെ മാണി പക്ഷം 16, സിപിഐഎം ആറ്; പാലയിൽ എൽഡിഎഫ് ധാരണ

പാലാ നഗരസഭയിൽ സീറ്റ് വിഭജനം പൂർത്തിയാക്കി എൽഡിഎഫ്. ജോസ് കെ മാണി പക്ഷം പതിനാറിടത്തും സിപിഐഎം ആറിടത്തും മത്സരിക്കും. നാല് ഡിവിഷനുകൾ ആവശ്യപ്പെട്ടിരുന്ന സിപിഐക്ക് മൂന്നു സീറ്റുകൾ നൽകിയാണ് അനുനയിപ്പിച്ചത്. എൻസിപിക്ക് ഒരു സീറ്റ് നൽകാനും ധാരണയായി.

പതിനേഴ് ഡിവിഷനുകളെന്ന കടുംപിടുത്തം തുടർന്നിരുന്ന ജോസ് കെ മാണി വിഭാഗവും, നാല് സീറ്റിൽ പിടിമുറുക്കിയ സിപിഐയും നിലപാട് മയപ്പെടുത്തിയതോടെയാണ് പാലായിൽ പ്രതിസന്ധിക്ക് പരിഹാരമായത്. കഴിഞ്ഞ തവണ ഏഴിടത്ത് മത്സരിച്ച സിപിഐയെ ഇക്കുറി രണ്ടു സീറ്റിൽ ഒതുക്കാൻ ആയിരുന്നു സിപിഐഎം നീക്കം. ഒറ്റയ്ക്ക് മത്സരിക്കുമെന്ന സിപിഐ ഭീഷണി കണക്കിലെടുത്ത് എൽഡിഎഫ് ജില്ലാ നേതൃത്വം വിഷയത്തിൽ ഇടപെട്ടു. കേരള കോൺഗ്രസിനെ 16 സീറ്റിൽ അനുനയിപ്പിക്കാൻ ഇടതുമുന്നണിക്കായി. മൂന്ന് സീറ്റ് എന്ന നിർദേശത്തിൽ സിപിഐയും വഴങ്ങി. അധികമായി ലഭിക്കുന്ന സീറ്റിൽ കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് കൂടി സ്വീകാര്യനായ സ്ഥാനാർത്ഥിയെ നിർത്തണമെന്നാണ് സിപിഐയ്ക്ക് മുന്നിൽ എൽഡിഎഫ് നിർദേശം.

ഇന്ന് രാവിലെ നടക്കുന്ന ചർച്ചക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജില്ലാ പഞ്ചായത്തിന് പിന്നാലെ, പാലായിലും സിപിഐയുടെ പിടിവാശിക്ക് വഴങ്ങുന്നതിൽ സിപിഐഎം പ്രാദേശിക നേതൃത്വത്തിന് അതൃപ്തിയുണ്ട്. പാലാ നിയോജക മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ എൽഡിഎഫിൽ തർക്കപരിഹാരം ഉണ്ടായിട്ടില്ല. ഇതിനിടെ ജില്ലാ പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺഗ്രസിനുള്ളിലും തർക്കം രൂക്ഷമാണ്. പത്രികാ സമർപ്പണത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് കോൺഗ്രസിലെ ചർച്ചകൾ.

Story Highlights Jose K Mani, LDF, CPIM, CPI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top