വി.കെ. ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു; കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി അപേക്ഷ നാളെയായിരിക്കും പരിഗണിക്കുക. വി.കെ. ഇബ്രാഹിംകുഞ്ഞ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ തുടരും.
വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. വിജിലന്‍സ് ജഡ്ജി ആശുപത്രിയില്‍ നേരിട്ടെത്തി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കണ്ടശേഷമാണ് റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്. അതേസമയം, ആശുപത്രി മാറ്റത്തെക്കുറിച്ച് നിലവില്‍ വിജിലന്‍സ് ആവശ്യം ഉന്നയിച്ചില്ല.
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി തന്നെ ഇബ്രാഹിംകുഞ്ഞ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിജിലന്‍സ് നീക്കം ചോര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ് തടയാനുള്ള നീക്കവുമായി ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയതെന്ന ആരോപണം നിലനില്‍ക്കുകയാണ്.
ടിഒ സൂരജ്, ആര്‍ഡിഎക്‌സ് കമ്പനി ഉടമ എന്നിവരുടെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കായത്. ഇബ്രാഹിംകുഞ്ഞിന് അഴിമതിയില്‍ പങ്കുണ്ടെന്ന് നേരത്തെ ജാമ്യ ഹര്‍ജിയില്‍ ടി.ഒ. സൂരജ് വെളിപ്പെടുത്തിയിരുന്നു. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നല്‍കാനായിരുന്നു ഉത്തരവെന്നും ടി.ഒ. സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നല്‍കാനായിരുന്നു ഉത്തരവെന്നും ടി.ഒ. സൂരജ് കൂട്ടിച്ചേര്‍ത്തിരുന്നു.
Story Highlights – V.K. Ibrahim Kunju remanded for 14 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here