ഇബ്രാഹിംകുഞ്ഞിനെതിരെ ഇരുപത്തിയഞ്ചോളം ക്രമ വിരുദ്ധ ഇടപെടലുകള്‍ കണ്ടെത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ട്

remand report 25 illegal activities IbrahimKunju

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ ഇരുപത്തിയഞ്ചോളം ക്രമ വിരുദ്ധ ഇടപെടലുകള്‍ കണ്ടെത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. നിര്‍മാണ കരാര്‍ ആര്‍ഡിഎസിനെ നല്‍കാന്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് ഗൂഢാലോചന നടത്തി. ആര്‍ബിഎസ് ഉടമ സുമിത് ഗോയലുമായി നേരിട്ടാണ് ഇബ്രാഹിംകുഞ്ഞ് ഇടപാടുകള്‍ നടത്തിയതെന്നും വ്യക്തമാക്കുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
കമ്മീഷന്‍ കിട്ടിയ തുകയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2013 ല്‍ ആര്‍ബിഡിസികെ, കെആര്‍എഫ്ബി, കിറ്റ്‌കോ ഉദ്യോഗസ്ഥരുമായി ഇബ്രാഹിംകുഞ്ഞ് ഗൂഢാലോചന നടത്തി. ചട്ടവിരുദ്ധമായി ടെന്‍ഡറിലോ കരാറിലോ ഇല്ലാത്ത എട്ടേകാല്‍ കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആര്‍ഡിഎസ് പ്രോജക്ട് ലിമിറ്റഡിന് നല്‍കി. 13.5 ശതമാനം പലിശയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ലോണ്‍ നല്‍കുമ്പോള്‍ 7 ശതമാനം പലിശയ്ക്ക് ആര്‍ഡിഎസിന് അഡ്വാന്‍സ് നല്‍കി. ഈ പലിശയിളവ് നല്‍കിയതിലൂടെ 85 ലക്ഷം രൂപയാണ് നഷ്ടമുണ്ടായത്. പാലം നിര്‍മാണത്തിലെ ഡിസൈനിലും ഗുണനിലവാരത്തിലുമുള്ള ക്രമക്കേട് മൂലം പൊതു ഖജനാവിന് 13 കോടിയുടെ നഷ്ടമുണ്ടാക്കിയതായും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ വന്ന നാലര കോടിയുടെ കണക്കില്‍ പെടാത്ത നിക്ഷേപത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ഇബ്രാഹിംകുഞ്ഞിന് സാധിച്ചില്ല. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് മരവിച്ച ഐടി വകുപ്പിന്റെ പ്രൊഹിബിഷന്‍ ഓര്‍ഡര്‍ മന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. നടപടി ഒഴിവാക്കാനായി ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഡിപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിച്ചു. നികുതി വെട്ടിച്ചതില്‍ പിഴ ഒടുക്കിയതിന്റെ രസീതുകളും ഇബ്രാഹിംകുഞ്ഞിന്റെ വീട്ടീല്‍ നിന്നും വിജിലന്‍സ് കണ്ടെത്തി. രണ്ടേകാല്‍ കോടി നികുതി കുടിശികയും പിഴയും അടച്ചതിന്റെ രേഖകളും വിജിലന്‍സിന് ലഭിച്ചു. നാലേകാല്‍ കോടിയുടെ ഉറവിടം എവിടെന്നു പറയാന്‍ ഇബ്രാഹിംകുഞ്ഞിന് ഇനിയും കഴിഞ്ഞിട്ടില്ല. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം ആണോ ഇതൊന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Story Highlights remand report, 25 illegal activities, IbrahimKunju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top