സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തെത്തിച്ചത് മുഖ്യമന്ത്രിയുടെ ആളുകള്‍: കെ.സുരേന്ദ്രന്‍

സ്വപ്നാ സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തിറക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ആളുകളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എങ്ങനെയാണ് ജയിലില്‍ നിന്ന് സ്വപ്നയ്ക്ക് ശബ്ദ സന്ദേശം ഇറക്കാനായതെന്ന് ജയില്‍ ഡിജിപി വ്യക്തമാക്കണം. ഒളിവില്‍ കഴിയുമ്പോഴും സ്വപ്നയുടെ ശബ്ദരേഖ വന്നിരുന്നു. അതിലും മുഖ്യമന്ത്രിയെ ന്യായീകരിക്കുകയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തന്നെ പ്രതിയാക്കിയതെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ എങ്ങനെയാണ് ജയിലില്‍ ഉപയോഗിക്കാന്‍ കഴിയുന്നത്? ആരൊക്കെ സ്വപ്നയെ കണ്ടു? എഡിറ്റ് ചെയ്യാത്ത സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുമോയെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

സ്വപ്നയുമായി മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും അടുത്ത ബന്ധമാണുള്ളത്. സെക്രട്ടേറിയറ്റിലെ തീപിടുത്തം യാദൃശ്ചികമല്ലെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരു. പൂര്‍ണമായ ഫോറന്‍സിക് ഫലം വന്നപ്പോള്‍ സത്യം തെളിഞ്ഞു. ഫോറന്‍സിക് ഫലം അവഗണിച്ച സംസ്ഥാന പൊലീസ് ആനിമേഷന്‍ വീഡിയോ ഇറക്കി നാട്ടുകാരെ പറ്റിച്ചു. സംഭവം നടന്ന സ്ഥലത്ത് നിന്നും കിട്ടിയ രണ്ട് മദ്യ കുപ്പികള്‍ അവിടെ ചിലര്‍ താമസിച്ചതിനുള്ള തെളിവാണ്. സിപിഐഎം നേതാക്കളാണ് ഇതിന്റെ പിന്നില്‍. സ്വപ്നയും ശിവശങ്കരനും വിദേശത്ത് പോയതിന്റെ തെളിവുകളുള്ളതു കൊണ്ടാണ് പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ തന്നെ കത്തിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമെന്നും രണ്ട് മുന്നണികളും തകര്‍ന്ന് തരിപ്പണമാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിയുടെ കാണാക്കയത്തിലേക്ക് മുഖ്യമന്ത്രിയും ഓഫീസും മന്ത്രിമാരും പതിച്ചു കഴിഞ്ഞു. മുന്‍മന്ത്രിയും എംഎല്‍എയും ജയിലിലായതോടെ യുഡിഎഫും അതേ പാതയിലാണ്. ജനങ്ങളുടെ നികുതിപ്പണം കൊള്ളചെയ്യുന്നു. അഴിമതിക്കെതിരായ ആദര്‍ശബോധമല്ല കേന്ദ്ര ഏജന്‍സികളുടെ സാന്നിധ്യമാണ് പിണറായി വിജയനെ കൊണ്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുപ്പിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ യുഡിഎഫിനും എല്‍ഡിഎഫിനും ധൈര്യമുണ്ടോയെന്ന് സുരേന്ദ്രന്‍ വെല്ലുവിളിച്ചു. വിമാനത്താവള വികസനം ഉള്‍പ്പെടെ തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരമുള്ള നഗരമാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights swapna suresh voice message

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top