നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്ക് മാറ്റമില്ല; ഹർജികൾ തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്ക് മാറ്റമില്ല. നടിയും സർക്കാരും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. കോടതി മാറ്റേണ്ട സാഹചര്യം നിലവിലില്ല. തിങ്കളാഴ്ച മുതൽ വിചാരണ തുടരണമെന്നും ഹൈക്കോടതി നിർദേശിച്ചു.
നേരത്തെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ ആക്രമിക്കപ്പെട്ട നടിയും സർക്കാരും വിചാരണാ കോടതിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്റെ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് നടി ആരോപിച്ചു. അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് പോലും കോടതി അനുവാദം നൽകി. സ്വഭാവശുദ്ധിയെ പറ്റിയുള്ള ചോദ്യങ്ങൾ പോലും അനുവദിക്കപ്പെട്ടു. 40ലധികം അഭിഭാഷകർ വിചാരണ നടക്കുമ്പോൾ കോടതി മുറിയിലുണ്ടായി. പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായി. വിസ്താരം സ്റ്റേ ചെയ്തിട്ടും പല ഉപഹർജികളും വിചാരണക്കോടതി പരിഗണിച്ചെന്നും നടി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തിൽ ആയിരുന്നുവെന്നും വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്നുമായിരുന്നു സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചത്.
Story Highlights – Actress attack case, Trial court, High court of kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here