ലങ്ക പ്രീമിയർ ലീഗ്; ഗല്ലെ ഗ്ലാഡിയേറ്റേഴ്സിനെ ഷാഹിദ് അഫ്രീദി നയിക്കും

ലങ്ക പ്രീമിയർ ലീഗിൽ ഗല്ലെ ഗ്ലാഡിയേറ്റേഴ്സിനെ മുൻ പാക് നായകൻ ഷാഹിദ് അഫ്രീദി നയിക്കും. ഫ്രാഞ്ചൈസി തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. നവംബർ 26 മുതൽ ഡിസംബർ 16 വരെയാണ് ലങ്ക പ്രീമിയർ ലീഗ് നടക്കുക. നേരത്തെ സർഫറാസ് അഹ്മദിനെ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നു എങ്കിലും ന്യൂസീലൻഡ് പര്യടനത്തിനുള്ള പാകിസ്താൻ ടീമിൽ ഉൾപ്പെട്ടതിനാൽ താരത്തെ മാറ്റി അഫ്രീദിയെ ക്യാപ്റ്റനാക്കുകയായിരുന്നു.
പാകിസ്താൻ സൂപ്പർ ലീഗിലെ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ഫ്രാഞ്ചൈസിയാണ് ഗല്ലെ ഗ്ലാഡിയേറ്റേഴ്സിനെ വാങ്ങിയിരിക്കുന്നത്. വ്യവസായിയായ നദീം ഒമർ ആണ് ഫ്രാഞ്ചൈസി ഉടമ. മുൻ പാക് ഇതിഹാസം വസീം അക്രമാണ് ടീമിൻ്റെ ഉപദേശകൻ.
Read Also : ലങ്ക പ്രീമിയർ ലീഗിൽ ഡെയിൽ സ്റ്റെയിൻ കളിക്കും
അഞ്ച് ടീമുകളാണ് ലങ്ക പ്രീമിയർ ലീഗിൽ ഉള്ളത്. രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 താരങ്ങൾ ലങ്ക പ്രീമിയർ ലീഗിൽ പങ്കെടുക്കും. ഡിസംബർ 16നാണ് ഫൈനൽ.
നിരവധി വിദേശ താരങ്ങൾ ലീഗിൽ നിന്ന് പുറത്തായത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സൂപ്പർ താരങ്ങളായ ക്രിസ് ഗെയിലും ലസിത് മലിംഗയും കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഇംഗ്ലീഷ് പേസർ ലിയാം പ്ലങ്കറ്റും പിന്മാറി. കാൻഡി ടസ്കേഴ്സിൻ്റെ താരമായ ഗെയിലിൻ്റെയും പ്ലങ്കറ്റിൻ്റെയും പിന്മാറ്റം ഫ്രാഞ്ചൈസി തന്നെയാണ് അറിയിച്ചത്. രണ്ട് ദിവസം മുൻപ് ഗല്ലെ ഗ്ലാഡിയേറ്റേഴ്സ് താരമായിരുന്ന മുൻ പാക് ക്യാപ്റ്റൻ സർഫറാസ് അഹ്മദും ജാഫ്ന സ്റ്റാലിയൻസ് താരമായ ഇംഗ്ലണ്ട് മുൻ താരം രവി ബൊപ്പാരയും പിന്മാറിയിരുന്നു. ആന്ദ്രേ റസൽ, ഫാഫ് ഡുപ്ലെസി, മൻവിന്ദർ ബിസ്ല, ഡേവിഡ് മില്ലർ, ഡേവിഡ് മലൻ എന്നിവരും കഴിഞ്ഞ ദിവസം പിന്മാറി.
Story Highlights – Lanka Premier League: Shahid Afridi named captain of Galle Gladiators
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here