പൊലീസ് നിയമ ഭേദഗതി; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

വിവാദമായതോടെ പൊലീസ് നിയമ ഭേദഗതിയില്‍ ആശങ്ക വേണ്ടെന്ന വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമഭേദഗതി മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
Read Also : സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തെത്തിച്ചത് മുഖ്യമന്ത്രിയുടെ ആളുകള്‍: കെ.സുരേന്ദ്രന്‍
സോഷ്യല്‍ മീഡിയയുടെ പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വരെ ഇങ്ങനെ പരാതിയുമായെത്തി. സൈബര്‍ ആക്രമണം കുടുംബഭദ്രതയെ പോലും തകര്‍ക്കുന്നു. ആക്രമണവിധേയരാകുന്നവര്‍ക്ക് എന്താണ് പറയാനുള്ളത് എന്നതുപോലും തമസ്‌കരിക്കുകയാണ്. ഇത്തരം ആക്രമണങ്ങള്‍ വ്യക്തിഗതമായ പകരംവീട്ടലുകള്‍ അല്ലാതെ മാധ്യമപ്രവര്‍ത്തനം ആകുന്നില്ല. പലപ്പോഴും ഇതിന്റെ പിന്നിലുളളത് പണമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറ്റുള്ളവരുടെ ജീവിതം തകര്‍ക്കലാണ് തന്റെ സ്വാതന്ത്ര്യം എന്നു കരുതുന്നവര്‍ക്കു മാത്രമേ ഇതില്‍ സ്വാതന്ത്ര്യലംഘനം കാണാനാകൂവെന്നും മുഖ്യമന്ത്രി. ഭേദഗതിയെക്കുറിച്ച് ഉയര്‍ന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിര്‍ദേശങ്ങളെയും സര്‍ക്കാര്‍ തീര്‍ച്ചയായും പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളേയും വ്യക്തികളേയും നിശബ്ദരാക്കാന്‍ ഭേദഗതിയിലൂടെ സര്‍ക്കാരിന് സാധിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സര്‍ക്കാര്‍ നടപടി തികഞ്ഞ ഫാസിസമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സമൂഹ മാധ്യമങ്ങളെ മാത്രമല്ല മുഖ്യധാര മാധ്യമങ്ങളേയും കൂച്ചുവിലങ്ങിടാനുള്ള നീക്കമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിമര്‍ശനം
നിയമ ഭേദഗതി സ്ത്രീകള്‍ക്ക് എതിരായ സൈബര്‍ അക്രമങ്ങള്‍ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യം ബാധിക്കാത്ത രീതിയില്‍ മാത്രമേ ഭേദഗതി നടപ്പാക്കൂ എന്ന് സിപിഐഎം കേന്ദ്രനേതൃത്വവും വ്യക്തമാക്കി.
Story Highlights – pinarayi vijayan, amendment of police act, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here