അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി

നവംബര്‍ 26ലെ അഖിലേന്ത്യാ പണിമുടക്കിന് എഐസിസി പിന്തുണ. പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പിസിസി പ്രസിഡന്റുമാര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്കും കത്തയച്ചു. പുതിയ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്നതാണെന്ന് കത്തില്‍ അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐഎന്റ്റിയുസി നടത്തുന്ന സമരത്തിന് എഐസിസി പിന്തുണ പ്രഖ്യാപിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ കര്‍ഷകരേയും തൊഴിലാളികളേയും പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ തൊഴിലാളി സംഘടനകള്‍ 26ന് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിനെ എല്ലാ തരത്തിലും സഹായിക്കണമെന്നും വിജയിപ്പിക്കണമെന്നും നിര്‍ദേശിച്ചാണ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കത്ത് നല്‍കിയത്.

ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും തൊഴിലാളികളുടെ സംരക്ഷണത്തിനായി നടപ്പാക്കിയ 44 തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കി നാല് ലേബര്‍ കോഡുകള്‍ നടപ്പാക്കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനം. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ഐഎന്റ്റിയുസി നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, ജി സഞ്ജീവ റെഡ്ഡി, ആര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ എഐസിസി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം പണിമുടക്കിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തന്നെ എഐസിസിക്ക് നല്‍കാനും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top