ആവേശപ്പോരിൽ ചെന്നൈയിൻ എഫ്സിക്ക് ജയം; ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

chennaiyin won jamshedpur fc

ഐഎസ്എലിൽ ജംഷഡ്പൂർ എഫ്സിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നൈയിൻ വിജയിച്ചത്. ചെന്നൈയിനായി അനിരുദ്ധ് ഥാപ്പയും ഇസ്മായേൽ ഗോൺസാൽവസും സ്കോർ ചെയ്തപ്പോൾ നെരിജസ് വാൽസ്കിസ് ആണ് ജംഷഡ്പൂരിൻ്റെ ആശ്വാസ ഗോൾ നേടിയത്. മൂന്നു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.

Read Also : ആദ്യ റൗണ്ടിലെ അവസാന മത്സരം: ഇന്ന് ജംഷഡ്പൂർ എഫ്സി ചെന്നൈയിൻ എഫ്സിയെ നേരിടും

ഇരു ടീമുകളും ആക്രമണ ഫുട്ബോൾ കാഴ്ച വെച്ച മത്സരത്തിൽ ആദ്യ 30 മിനിട്ടുകളിലെ മേൽക്കൈയാണ് ചെന്നൈയിന് ഗുണകരമായത്. മത്സരം തുടങ്ങി ആദ്യ മിനിട്ടിൽ തന്നെ അനിരുദ്ധ് ഥാപ്പ ജംഷഡ്പൂർ എഫ്സി ഗോൾ കെപ്പർ ടിപി രഹനേഷിനെ കീഴടക്കി. ഇസ്മയുടെ ക്രോസിൽ നിന്ന് ഥാപ്പ അനായാസം സ്കോർ ചെയ്യുകയായിരുന്നു. വേഗത കൊണ്ട് ജംഷഡ്പൂർ പ്രതിരോധത്തെ തുടർച്ചയായി പരീക്ഷിച്ച ചെന്നൈയിൻ 26ആം മിനിട്ടിൽ വീണ്ടും ഗോളടിച്ചു. ഒരു പെനാൽറ്റിയിലൂടെ ഇസ്മയാണ് സ്കോർ ചെയ്തത്. ചാങ്തെയെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ഇസ്മ ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം ഗോളോടെ ജംഷഡ്പൂർ കളിയിലേക്ക് തിരിച്ചുവരാൻ തുടങ്ങി. മികച്ച ചില മുന്നേറ്റങ്ങൾ നടത്തിയ അവർ 37ആം മിനിട്ടിൽ ഗോൾ മടക്കി. ജാക്കിചന്ദ് സിംഗിൻ്റെ ക്രോസിൽ തലവച്ച് നെരിജസ് വാൽസ്കിസ് ആണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ഇരു ഭാഗത്തു നിന്നും ആക്രമണങ്ങളുണ്ടായി. കൂടുതൽ മികച്ച അവസരങ്ങൾ ചെന്നൈയിൻ ആണ് സൃഷ്ടിച്ചതെങ്കിലും ക്രോസ് ബാറിനു കീഴിൽ ടിപി രഹനേഷിൻ്റെ ഗംഭീര പ്രകടനം ജംഷഡ്പൂരിനെ സംരക്ഷിച്ചു നിർത്തുകയായിരുന്നു. അവസാനം വരെ ആക്രമണം കണ്ട മത്സരത്തിൽ ഇരു ടീമുകൾക്ക് പിന്നീട് ലക്ഷ്യം ഭേദിക്കാനായില്ല.

Story Highlights chennaiyin fc won against jamshedpur fc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top