നിവർ ശക്തി പ്രാപിച്ചു; ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രപിച്ചു. അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്‌നാട് തീരത്തേക്കു നീങ്ങിത്തുടങ്ങി. ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ തുടരുന്നുണ്ട്. പലയിടത്തും ശക്തമായ കാറ്റും വീശുന്നു. നാളെ വൈകിട്ടോടെ നിവർ ചുഴലിക്കാറ്റ് തീരം തൊടും. മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിലാവും കാറ്റ് അതിശക്തമായി വീശിയടിക്കുക. ഇതനുസരിച്ച് പുതുച്ചേരിയിൽ ഇന്ന് രാത്രി മുതൽ 26 വരെ നിരോധനാഞ്ജ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ നാളെ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു.
മണിക്കൂറിൽ 120 മുതൽ 145 വരെ കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. കടലൂരിൽ ആറും പുതുച്ചേരിയിൽ രണ്ടും സംഘം ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ ക്യാംപ് ചെയ്യുന്നു. അപകട സാധ്യത കൂടുതൽ ഉള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കുന്നുണ്ട്. 24 ട്രെയിൻ സർവീസുകളും ഏഴ് ജില്ലകളിലെ ബസ് സർവീസുകളും പൂർണമായി റദ്ദ് ചെയ്തു. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. പ്രശ്‌നബാധിത മേഖലകളിലെല്ലാം കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
അതേസമയം, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. സാഹചര്യം നേരിടാൻ കേന്ദ്രസർക്കാരിന്റെ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
Story Highlights – nirvar strength, heavy rain in chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here