27
Sep 2021
Monday

ഒബാമയുടെ പുതിയ പുസ്തകം സാക്ഷ്യപത്രം; മാധ്യമപ്രവര്‍ത്തകരുടെ കൊലയ്ക്കു പിന്നിലെ അന്താരാഷ്ട്ര ഭീകരര്‍

-/ പി.പി. ജയിംസ്

അഫ്ഗാനിസ്ഥാനില്‍ ധീരനായ അലിയാസ് ദായ് എന്ന മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. അലിയാസ് സഞ്ചരിച്ചിരുന്ന കാറില്‍ ‘സ്റ്റിക്കര്‍ ബോംബ്’ വച്ച് താലിബാന്‍ ഈ റേഡിയോ റിപ്പോര്‍ട്ടറെ നിശബ്ദനാക്കുകയായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അലിയാസിന്റെ വീരോചിതമായ റിപ്പോര്‍ട്ടിംഗ് കഥകള്‍ പുറത്തുവന്നപ്പോള്‍, പാകിസ്താനില്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിനെ ഓര്‍ത്തുപോയി, ലോകം മുഴുവന്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്ന മൃഗീയ വധമായിരുന്നല്ലോ ഡാനിയേല്‍ പേളിന്റേത്. പേളിന്റെ കൊലപാതകം ‘A mighty heart’ എന്ന പേരില്‍ ഹോളിവുഡ് സിനിമ വരെയായി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അന്താരാഷ്ട്ര കൊടും ഭീകരരുടെ കഥയും നാടകീയതകള്‍ നിറഞ്ഞതാണ്.

അവിചാരിതമായാണ് ഡാനിയേല്‍ പേളിനെ ഈ ലേഖകന്‍ പരിചയപ്പെട്ടത്. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ 2001 ല്‍ സെക്രട്ടറിയായിരിക്കുമ്പോഴായിരുന്നു കണ്ടുമുട്ടല്‍. ഗാന്ധി കണ്ണാടി വച്ച് സുമുഖനായ വെള്ളക്കാരന്‍. സുഹൃത്ത് മരിയാനയുമൊത്ത് എത്തി സ്വയം പരിചയപ്പെടുത്തി. ‘ ഞാന്‍ ഡാനിയേല്‍ പേള്‍, വാള്‍സ്ട്രീറ്റ് ജേണല്‍ സൗത്ത് ഏഷ്യന്‍ ബ്യൂറോചീഫ്’. മലബാറില്‍ ആഗോളവത്കരണത്തിനെതിരെ കൂരാചുണ്ടില്‍ നടക്കുന്ന കര്‍ഷ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ പറന്നെത്തിയതാണ് പേള്‍. തുടര്‍ന്ന് കോവളം കാണാന്‍ തിരുവനന്തപുരത്തെത്തിയതാണ്.

അടുത്തദിവസം ഗോള്‍ഫ് ക്ലബില്‍ നടക്കുന്ന പ്രസ്‌ക്ലബ് കുടുംബ മേളയിലേക്ക് പേളിനെ ക്ഷണിച്ചു. അന്നത്തെ മുഖ്യമന്ത്രി നായനാരായിരുന്നു ഉദ്ഘാടകന്‍. മുഖ്യ അതിഥിയായി എത്തിയ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകന്‍ അവിടെ താരമായി. നായനാര്‍ സ്വതസിദ്ധമായ ശൈലിയില്‍ ഇംഗ്ലീഷില്‍ തമാശ പറഞ്ഞ് പേളിനെ ചിരിപ്പിച്ചുകൊണ്ടിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിഭക്ഷണവും കഴിച്ചാണ് പിരിഞ്ഞത്.

അതൊരു അപൂര്‍വ സൗഹൃദത്തിന്റെ തുടക്കമായിരുന്നു. ഇടതടവില്ലാതെ ഇ -മെയില്‍ അയക്കുമായിരുന്ന പേള്‍ എന്റെ നല്ലൊരു സുഹൃത്തായിരുന്നു. പാകിസ്താനിലേക്ക് പോവുകയാണെന്നും അപകടം പിടിച്ച യാത്രയാണെന്നും അവസാനമായി മെയില്‍ അയച്ചിരുന്നു. പാകിസ്താനില്‍ പേളിനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിന്നെ അറിഞ്ഞത്. സംഭവിക്കരുതെന്ന് നൂറുവട്ടം മനസില്‍ ആഗ്രഹിച്ച കാര്യം തന്നെ സംഭവിച്ചു. ഡാനിയേല്‍ പേളിനെ ഭീകരര്‍ കഴുത്തറുത്തു കൊല്ലുന്ന നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഒടുവില്‍ കാണേണ്ടി വന്നത്. ഇതിനിടയില്‍, പേളിനെ രക്ഷപ്പെടുത്താന്‍ അമേരിക്കയും മനുഷ്യാവകാശ സംഘടനകളുമൊക്കെ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ തലയുമായി ആര്‍ത്തട്ടഹസിക്കുന്ന കൊടുഭീകരന്റെ ചിത്രം ഇന്നും മനസില്‍ നിന്നു മാഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഡാനിയേല്‍ പേളിന്റെ കൊലപാതകം സംബന്ധിച്ച എല്ലാ വാര്‍ത്തകളും കഴിഞ്ഞ പതിനെട്ടുവര്‍ഷമായി വിടാതെ പിന്തുടരുകയാണ്.

പാകിസ്താനില്‍ സര്‍ക്കാരും ഒസാമ ബിന്‍ലാദന്റെ അല്‍ക്വയ്ദയും തമ്മിലുള്ള ബന്ധം വാള്‍സ്ട്രീറ്റ് ജേര്‍ണലിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്യാനാണ് പേള്‍ പോയത്. ചെന്നുപെട്ടത് അല്‍ക്വയ്ദയുടെയും പാക്ഭീകരസംഘടനകളുടെയും നടുവില്‍. അഭിമുഖം തരപ്പെടുത്താമെന്ന് ഉറപ്പുനല്‍കി തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്ര ഭീകരന്‍ അഹമ്മദ് ഒമര്‍ ഷെയ്ഖും. അഹമ്മദ് ഒമറിനെ ഇന്ത്യക്കാര്‍ കൃത്യമായി ഓര്‍ക്കുന്നുണ്ടാകും. ബ്രിട്ടീഷ് ഭീകരനായി പാകിസ്താനില്‍ എത്തിയ ഒമറിനെയാണ് മറ്റൊരു പാക് ഭീകര നേതാവായ മസൂദ് അസറിനൊപ്പം ഇന്ത്യ പിടികൂടിയിരുന്നത്. എന്നാല്‍, ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം 176 യാത്രക്കാരോടൊപ്പം തട്ടിയെടുത്ത് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് പാക് ഭീകരര്‍ കൊണ്ടുപോയതും ഒമറിനെയും മസൂദിനെയും ഇന്ത്യക്ക് മോചിപ്പിക്കേണ്ടിവന്നതും ചരിത്രം. അന്ന് വാജ്‌പോയ് സര്‍ക്കാരിന് നാണിച്ചു തലകുനിക്കേണ്ടി വന്ന ബന്ദിനാടകമായിരുന്നു കാണ്ഡഹാറിലേത്.

പാക് ഭീകരരുടെ പക്ഷം ചേര്‍ന്ന് മധ്യസ്ഥരായ കാണ്ഡഹാറിലെ താലിബാന്‍, ഇന്ത്യയുടെ കമാന്‍ഡോ ഓപ്പറേഷന്‍ സാധ്യതപോലും തടയുകയായിരുന്നു അന്ന്. 1999 ല്‍ ഇന്ത്യക്ക് വിട്ടയക്കേണ്ടിവന്ന കൊടുംഭീകരരാണ് പിന്നീട് ഡാനിയേല്‍ പേളിന്റെ കൊലയ്ക്ക് നേതൃത്വം വഹിച്ചത്. അതുകൊണ്ടും തീര്‍ന്നില്ല. പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിനും പുല്‍വാമ ആക്രമണത്തിനും മുംബൈ ഭീകരാക്രമണത്തിനും നേതൃത്വം നല്‍കിയതും ഇവരായിരുന്നു.

ഒടുവില്‍ പിടിയിലായ അഹമ്മദ് ഒമറിനെ പാക് കോടതി ഡാനിയേല്‍ പേളിന്റെ കൊലപാതകത്തില്‍ വധശിക്ഷ വിധിച്ചു. എന്നാല്‍ പതിനെട്ടു വര്‍ഷത്തിനുശേഷം സിന്ധ് ഹൈക്കോടതി കൊലപാതകത്തില്‍ കുറ്റവിമുക്തനാക്കി തട്ടിക്കൊണ്ടുപോകല്‍ മാത്രം ശരിവച്ചു. എന്നാല്‍ അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്ന് ഒമര്‍ ഇപ്പോഴും പാക് ജയിലിലാണ്.

കഴിഞ്ഞ ദിവസം നുഴഞ്ഞുകയറി ഇന്ത്യന്‍ സേനയുമായി ഏറ്റുമുട്ടി നാലുഭീകരര്‍ കൊല്ലപ്പെട്ട സംഭവത്തിനും കാണ്ഡഹാര്‍ ഭീകരര്‍ തന്നെയാണ് നേതൃത്വം നല്‍കിയത്. മസൂദ് അസറിന്റെ സഹോദരന്‍ അസ്ഗര്‍ നേരിട്ട് ആക്രമണ സന്ദേശം നല്‍കുന്നതിന്റെ തെളിവുകള്‍ ഇന്ത്യന്‍ സേനയുടെ കൈയിലുണ്ട്.

ഡാനിയേല്‍ പേളിനെ കഴുത്തറുത്ത് കൊന്ന ഭീകരനേതാവ് ഖാലിദ് ഷെയ്ഖ് മുഹമ്മദിനെ അമേരിക്കന്‍ ഏജന്‍സികള്‍ പിടികൂടി. മാസങ്ങളോളം ഗ്വാണ്ടനാമോ ജയിലില്‍ മര്‍ദ്ദിച്ച് അന്താരാഷ്ട്ര ഭീകര ഗൂഢാലോചനയുടെ ചിത്രം ചോര്‍ത്തിയിട്ടുണ്ട്. ഡാനിയേല്‍ പേളിനെ കഴുത്തറുത്ത് കൊന്ന് തല കൈയില്‍ പിടിച്ച് അട്ടഹസിച്ചത് താനാണെന്ന് ഖാലിദ് വെളിപ്പെടുത്തിയിരുന്നു.

ഡാനിയേല്‍ പേളിന്റെ പേരില്‍ 2015 ല്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ അന്താരാഷ്ട്ര ജേര്‍ണലിസം ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത് പേളിനോടുള്ള അപൂര്‍വമായ സൗഹൃദത്തിന്റെ പ്രതിഫലനമായിരുന്നു. അന്ന് പ്രസ്‌ക്ലബിന്റെ പ്രസിഡന്റായിരുന്നു ലേഖകന്‍. ഡാനിയേല്‍ പേളിന് മരിയാനയില്‍ ജനിച്ച മകന്‍ ആദം പേളിന് ഇപ്പോള്‍ പതിനേഴുവയസുണ്ട്. ഡാനിയേല്‍ മരിക്കുമ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു മരിയാന.

ഡാനിയേല്‍ പേളിനെ വീണ്ടും ഓര്‍മിപ്പിച്ചത് അഫ്ഗാനിസ്ഥാനിലെ വീരമൃത്യു വരിച്ച മാധ്യമപ്രവര്‍ത്തകന്‍ അലിയാസ് ദായിയാണ്. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകന് ജാതിയും മതവും രാഷ്ട്രീയവും സത്യസന്ധമായ വാര്‍ത്തകള്‍ അറിയിക്കുക എന്നതു തന്നെയാണ്.

അഫ്ഗാനിലെ ഹെല്‍മന്‍ഡില്‍ കാറില്‍ ബോംബ് പൊട്ടി മരിക്കുന്നതിന്റെ തലേരാത്രി വൈകിയും അലിയാസ് ദായി പ്രവര്‍ത്തനനിരതനായിരുന്നു. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയ കാണ്ഡഹാറിന് സമീപമാണ് ഹെല്‍മന്‍ഡ്. താലിബാനും അഫ്ഗാന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ റേഡിയോ ആസാദിയിലൂടെ അറിയിക്കുകയായിരുന്നു അലിയാസ്. സത്യസന്ധമായ റിപ്പോര്‍ട്ടിംഗ് അലിയാസിനെ അഫ്ഗാനില്‍ പ്രിയങ്കരനാക്കി, ഒപ്പം താലിബാന്റെ നോട്ടപ്പുള്ളിയും.

തന്റെ ജീവന്‍ അപകടത്തിലാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖകനും സുഹൃത്തുമായ അസീസ് തസലിനോട് അലിയാസ് തലേദിവസവും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തന്റെ കാര്‍ പരിശോധിച്ച് സ്ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയാണ് അലിയാസ് ഡ്രൈവിംഗ് സീറ്റില്‍ കയറുക. കഴിഞ്ഞ ദിവസവും പതിവുപോലെ പരിശോധന നടത്തി. എന്നാല്‍ വീലിന്റെ ഉള്ളില്‍ ഒട്ടിച്ചുവച്ചിരുന്ന ‘സ്റ്റിക്കര്‍ ബോംബ്’ കണ്ടില്ല.

കാര്‍ ഓടിച്ച് മുന്നോട്ട് നീങ്ങവേ വന്‍ സ്ഫോടനത്തില്‍ കാര്‍ പൊട്ടിത്തെറിച്ചു. ശബ്ദംകേട്ട് അലിയാസിന്റെ ഭാര്യ കരഞ്ഞ് ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

അഫ്ഗാനിസ്ഥാനിലെ നാട്ടുകാര്‍ക്ക് മാത്രമല്ല, അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും വാര്‍ത്തകള്‍ അറിയാനുള്ള കേന്ദ്രം അലിയാസായിരുന്നു. ആ സ്വതന്ത്ര ശബ്ദമാണ് താലിബാന്‍ എന്നെന്നേക്കുമായി നിശബ്ദമാക്കിയത്. അഫ്ഗാനിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് താലിബാന്റെ കനത്ത താക്കീത് കൂടിയാണ് ഈ കൊലപാതകം.

ഒന്നിനേയും കൂസാത്ത അഫ്ഗാന്‍ പത്താന്‍കാരന്റെ ചങ്കൂറ്റമായിരുന്നു അലിയാസിന്. പഴയ നൂറ്റാണ്ടുകളില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി മുതല്‍ അടുത്തകാലം വരെ മാറി മാറി ഭരിച്ച കൊളോണിയന്‍ ശക്തികളെ വരെ വിറപ്പിച്ച ചരിത്രമാണല്ലോ അഫ്ഗാന്‍ ജനതയുടേത്. അലിയാസിന്റെ ബാല്യകാലത്ത് സോവിയറ്റ് യൂണിയന്‍, തൊട്ടു പിന്നാലെ താലിബാന്‍, അവര്‍ക്ക് പിന്നാലെ അമേരിക്കന്‍ ആക്രമണം. അമേരിക്ക വിട്ടൊഴിയുമ്പോഴേക്കും താലിബാന് മുന്നില്‍ ജീവന്‍ ബലി കഴിക്കേണ്ടി വരുന്ന നൂറുകണക്കിന് അഫ്ഗാനികളുടെ പ്രതിനിധിയാണ് അലിയാസും. അഫ്ഗാനിസ്ഥാനില്‍ സമീപകാലത്ത് നൂറോളം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയോ മൃഗീയ മര്‍ദനത്തിന് ഇരയാകുകയോ ചെയ്തിട്ടുണ്ട്. ഇവിടെ മാധ്യമപ്രവര്‍ത്തനം മൈനുകളുടെ നടുവില്‍ നില്‍ക്കുന്നതു പോലെയാണ്. ഏതു നിമിഷവും മൈനുകള്‍ പൊട്ടി നിങ്ങള്‍ മരിച്ചു വീണേക്കാം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കുന്നതിന്റെ നടുവിലാണ് താലിബാന്റെ അഴിഞ്ഞാട്ടം. ഖത്തറില്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അല്‍ഖ്വയ്ദയുമായി യാതൊരു ബന്ധവുമുണ്ടാവില്ലെന്ന് കരാര്‍ എഴുതിക്കൊടുത്താണ് താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാരും അമേരിക്കയുമായി അനുരഞ്ജനം നടത്തിയത്. എന്നാല്‍ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും താലിബാന്‍ ഇപ്പോഴും അല്‍ഖ്വയ്ദയുമായി തോളുരുമിയാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പുതിയ പുസ്തകമായ ‘A Promised Land’ (ഒരു വാഗ്ദത്ത ഭൂമി) യില്‍ ഇതേക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയും അല്‍ഖ്വയ്ദയും ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഒബാമ വെളിപ്പെടുത്തുന്നു. പുസ്തകത്തിന്റെ പത്തു ലക്ഷം കോപ്പികള്‍ തൊട്ടടുത്ത ദിവസം തന്നെ വിറ്റഴിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് ഒബാമ. ഡാനിയേല്‍ പേളിനെ വധിച്ചതിന് പ്രതികാരമെന്ന നിലയിലാണ് അമേരിക്ക പാകിസ്താനില്‍ അല്‍ക്വയ്ദയുടെ വേരറുക്കാന്‍ ഒസാമ ബിന്‍ലാദനെ തന്നെ വേട്ടയാടി കൊലപ്പെടുത്തിയത്. അതിന് നേതൃത്വം നല്‍കിയത് അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു.

2005 മുതല്‍ അഫ്ഗാനിസ്ഥാനില്‍ മാത്രം യുഎന്‍ കണക്കനുസരിച്ച് ഇരുപത്തിയാറായിരത്തില്‍പരം കുട്ടികള്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അലിയാസിനോടൊപ്പം കാറില്‍ കയറാത്തതുകൊണ്ട് ഒരു വയസുകാരിയായ ഏകമകള്‍ മെഹ്‌റ ബാനി ജീവനോടെയുണ്ട്. അവള്‍ ഒരു പിടി പൂക്കളുമായി അമ്മയോടൊപ്പം അലിയാസിന്റെ ശവകുടീരത്തില്‍ പോയി. ഒരു ജനതയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങള്‍ക്കു വേണ്ടി പോരാടിയാണ് ബാപ്പ മരിച്ചതെന്ന് അവള്‍ ഭാവിയില്‍ അറിയുമായിരിക്കും. അവളുടെ പേരിന്റെ അര്‍ത്ഥം തന്നെ കാരുണ്യം എന്നാണ്. താലിബാനും എതിരാളികള്‍ക്കും ഇല്ലാതെ പോകുന്നതും ഈ ദീനാനുകമ്പയാണ്.

Story Highlights Obama’s new book

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top