ബ്ലാസ്റ്റേഴ്സിനെതിരെ പറ്റിയ പരുക്ക്; മൈക്കൽ സൂസൈരാജിന് സീസൺ നഷ്ടമായേക്കും

കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരത്തിൽ പരുക്കേറ്റ എടികെ മോഹൻബഗാൻ താരം മൈക്കൽ സൂസൈരാജിന് സീസൺ നഷ്ടമാകുമെന്ന് സൂചന. താരത്തിന് ഇനി കളിക്കാൻ സാധിച്ചേക്കില്ലെന്നും ആറു മാസത്തെ വിശ്രമമെങ്കിലും താരത്തിന് വേണ്ടിവന്നേക്കും എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ അത് എടികെയ്ക്ക് കനത്ത തിരിച്ചടിയാകും.
ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിലെ 13ആം മിനിട്ടിലാണ് താരം പരുക്കേറ്റ് പുറത്തായത്. പ്രശാന്തിൻ്റെ ടാക്കിളിൽ നിലത്തുവീണ താരത്തിൻ്റെ കാൽമുട്ടിനാണ് പരുക്കേറ്റിരിക്കുന്നത് എന്നാണ് വിവരം. ഈസ്റ്റ് ബംഗാളുമായി വെള്ളിയാഴ്ച നടക്കുന്ന കൊൽക്കത്ത ഡെർബിയിൽ താരത്തിനു കളിക്കാനാവില്ല എന്ന് ഉറപ്പാണ്. ഇതിനു പുറമെയാണ് അദ്ദേഹം സീസണിൽ കളത്തിലിറങ്ങിയേക്കില്ല എന്ന റിപ്പോർട്ടുകളും എത്തുന്നത്. നേരത്തെ എടികെയുടെ മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിനും പരുക്കേറ്റ് പുറത്തായിരുന്നു.
Read Also : എടികെ-ബ്ലാസ്റ്റേഴ്സ്: റോയ് കൃഷ്ണയുടെ ‘ഒറ്റയടി’; ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം
ഉദ്ഘാടന മത്സരത്തിൽ എടികെ മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. ഫിജി ക്യാപ്റ്റൻ റോയ് കൃഷ്ണ നേടിയ ഒരു ഗോളാണ് മത്സരഫലം നിർണയിച്ചത്. മത്സരത്തിൻ്റെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാവുകയായിരുന്നു.
നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം. എടികെ വെള്ളിയാഴ്ച ഈസ്റ്റ് ബംഗാളിനെ നേരിടും.
Story Highlights – michael soosairaj ruled out from isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here