Advertisement

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവം; ചികിത്സ പിഴവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ്

November 26, 2020
Google News 2 minutes Read

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ ചികിത്സ പിഴവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ്. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ കുടുംബം നൽകിയ പരാതിയിൽ കളമശേരി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് തേടിയ ബന്ധുക്കൾ തുടർ നിയമനടപടിക്ക് ഒരുങ്ങുകയാണ്.

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലിരിക്കെ ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് നിയമനടപടി എടുക്കത്തക്ക വീഴ്ച കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസിന്റെ മറുപടി. ഹാരിസിന്റെ ഭാര്യാസഹോദരൻ നൽകിയ പരാതിയിൽ കളമശേരി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീഴ്ച ഇല്ലെന്ന കണ്ടെത്തൽ. പൊലീസ് ഇക്കാര്യം ബന്ധുക്കളെ രേഖാമൂലം അറിയിച്ചു. ആശുപത്രി ജീവനക്കാരുടെ വെളിപ്പെടുത്തലുകൾ പരിഗണിച്ചില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ തൃപ്തരല്ലെന്നും ഹാരിസിനെ ബന്ധുക്കൾ പ്രതികരിച്ചു.

ചികിത്സയിലെ അനാസ്ഥ സംബന്ധിച്ച് മെഡിക്കൽ കോളജ് നഴ്‌സിംഗ് ഓഫീസറുടെ ജലജാദേവിയുടെ ഓഡിയോ പുറത്തായതോടെയാണ് സംഭവം വിവാദമായത്. പിന്നാലെ താൽക്കാലിക ഡോക്ടർ നജ്മയും ആരോപണം ശരിവെക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി. കൊവിഡ് ബാധിച്ച് മരിച്ച ആലുവ സ്വദേശികളായ ബൈഹക്കി, ജമീല എന്നിവരുടെ ബന്ധുക്കളും പരാതി നൽകിയിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളജിലെ വീഴ്ച സംബന്ധിച്ച് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്.

Story Highlights covid victim dies at Kalamassery Medical College; Police said the treatment could not find fault

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here