Advertisement

രണ്ടാം പകുതിയിൽ രണ്ട് ഗോൾ; സമനില പിടിച്ച് നോർത്ത് ഈസ്റ്റ്

November 26, 2020
Google News 2 minutes Read
blasters drew north east

ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇരു ടീമുകളും 2 ഗോളുകൾ വീതമാണ് സ്കോർ ചെയ്തത്. സിഡോ, ഹൂപ്പർ എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയപ്പോൾ ക്വെസി അപ്പയ്യ, ഇദ്രിസ സില്ല എന്നിവരാണ് നോർത്ത് ഈസ്റ്റിനായി സ്കോർ ഷീറ്റിൽ ഇടം നേടിയത്.

മധ്യനിരയിൽ വിക്കൂന നടത്തിയ പൊളിച്ചെഴുത്ത് കളത്തിൽ കാണുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. ഭാവനാസമ്പന്നമായ മധ്യനിര തുറന്നെടുത്ത ഏതാനും അവസരങ്ങൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക്. സെയ്ത്യസെൻ സിംഗിൻ്റെ ഇഞ്ച് പെർഫക്ട് ഫ്രീ കിക്കിൽ തലവെച്ച് കൊടുക്കുക എന്ന ജോലി സിഡോ അനായാസം ചെയ്തതോടെ അഞ്ചാം മിനിട്ടിൽ തന്നെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി.

ഒരു ഗോൾ വീണതോടെ ഉണർന്ന നോർത്ത് ഈസ്റ്റ് അനുസ്യൂതം ആക്രമണം അഴിച്ചുവിട്ടു. നിർഭാഗ്യം പലപ്പോഴും അവർക്ക് വിലങ്ങുതടിയായപ്പോൾ കോസ്റ്റയും നിഷുവും അടങ്ങുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൻ്റെ പ്രകടനവും നോർത്ത് ഈസ്റ്റ് ആക്രമണങ്ങളുടെ മുനയൊടിച്ചു. ഇരുവരും നടത്തിയ ചില ക്ലിയറൻസുകൾക്ക് പൊന്നും വില ഉണ്ടായിരുന്നു. ഇതിനിടെ 23ആം മിനിട്ടിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച സുവർണാവസരം ഹൂപ്പർ പുറത്തേക്കടിച്ചു കളഞ്ഞു. നോർത്ത് ഈസ്റ്റിൻ്റെ ഇടതടവില്ലാത്ത ആക്രമണങ്ങൾക്കിടെ ബ്ലാസ്റ്റേഴ്സിൻ്റെ തിരിച്ചടി. ബോക്സിലെ കൂട്ടപ്പൊരിച്ചിൽ പെനാൽറ്റിയിലേക്ക്. ഹൂപ്പറുടെ കിക്ക് ഗോൾകീപ്പറെ മറികടന്നു. 45ആം മിനിട്ടിൽ നേടിയ ഈ ഗോളോടെ ബ്ലാസ്റ്റെഴ്സ് കളിയിൽ ആധിപത്യം ഉറപ്പിച്ചു.

Read Also : നോർത്ത് ഈസ്റ്റിനു നിർഭാഗ്യം; ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച് ബ്ലാസ്റ്റേഴ്സ്

ആദ്യ പകുതിയിലെ സമാന കേളീശൈലിയാണ് രണ്ടാം പകുതിയിലും ഇരു ടീമുകളും പുറത്തെടുത്തത്. രണ്ട് ഗോൾ ലീഡിൻ്റെ ആനുകൂല്യം ഉണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു തന്നെ കളിച്ചു. എങ്കിലും കൂടുതൽ ആക്രമണം നടത്തിയത് നോർത്ത് ഈസ്റ്റ് തന്നെയായിരുന്നു. നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ നോർത്ത് ഈസ്റ്റ് അർഹതപ്പെട്ട ഗോൾ കണ്ടെത്തി. 51ആം മിനിട്ടിൽ ലഭിച്ച കോർണറിൽ നിന്ന് ക്വെസി അപ്പയ്യ ആണ് ഗോൾ നേടിയത്. ദുർബലമായ പ്രതിരോധമാണ് ഗോളിലേക്ക് നയിച്ചത്. വീണ്ടും ആക്രമണം തുടർന്ന നോർത്ത് ഈസ്റ്റ് പലതവണ ഗോളിനരികെ എത്തി. നോർത്ത് ഈസ്റ്റിന് അനുകൂലമായി ലഭിച്ച പെനാൽറ്റി അപ്പയ്യ പുറത്തേക്കടിച്ചു കളഞ്ഞത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. പക്ഷേ, പകരക്കാരനായി ഇറങ്ങിയ ഇദ്രിസ സില്ലയിലൂടെ 90ആം മിനിട്ടിൽ നോർത്ത് ഈസ്റ്റ് സമനില പിടിച്ചു. മധ്യനിരയിൽ നിന്ന് ഗുർജിന്ദർ ലോംഗ് ബോൾ ഒന്നാംതരമായി കണ്ട്രോൾ ചെയ്ത സില്ല ഉജ്ജ്വലമായ ഒരു ഷോട്ടിലൂടെ അൽബീനോ ഗോമസിനെ കീഴ്പ്പെടുത്തി വലയിലാക്കുകയായിരുന്നു.

Story Highlights kerala blasters drew with north east united isl kbfc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here