‘എന്റെ എല്ലാ ജീവിത സാഫല്യത്തിനും കാരണം ഡീഗോ’; 9 വർഷം മറഡോണയുടെ ഡ്രൈവർ ആയി ജോലി ചെയ്ത മലയാളിയുടെ കുറിപ്പ് വൈറൽ

ഇന്നലെ അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഡ്രൈവർ ആയി 9 വർഷം ജോലി ചെയ്ത മലയാളിയുടെ കുറിപ്പ് വൈറൽ. കേരളത്തിലെ അർജൻ്റീന ആരാധകരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ അർജൻ്റീന ഫാൻസ് കേരള എന്ന ഗ്രൂപ്പിൽ സുലൈമാൻ അയ്യയ എന്ന യുവാവ് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നത്. തന്റെ എല്ലാ ജീവിത സാഫല്യത്തിനും കാരണം ഡീഗോ ആണെന്നാണ് അദ്ദേഹം പറയുന്നത്.

Read Also : ‘എക്കാലവും താങ്കൾ ഓർമിക്കപ്പെടും’; മറഡോണയ്ക്ക് ആദരാഞ്ജലിയുമായി ക്രിസ്ത്യാനോ
സുലൈമാൻ്റെ കുറിപ്പ്:
ഓർമ്മകളെ തനിച്ചാക്കി, കാൽപന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്, ഡീഗോ തിരികെ നടന്നു..!!!!
2011 ഓഗസ്റ്റ് ആദ്യ വാരം, ദുബായ് ഏയർപ്പോട്ടിൽ നിന്നും ദുബായ് പാം ജുമൈറ ശാബീൽ സാറായി 7 സ്റ്റാർ ഹോട്ടലിലേക്കായിരുന്നു എൻ്റെ ഡീഗോയുമായുള്ള കന്നിയാത്ര. പിന്നീട് ദുബായിൽ സ്ഥിരം താമസമാക്കിയ എൻ്റെ ഡീഗോ, എന്നെ ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ സ്വതന്ത്രം തന്നു. പിന്നീട് അങ്ങോട്ട് 9 വർഷം, ഞങ്ങളുടെ ജീവിതം സന്തോഷത്തിൻ്റെ ദിനങ്ങളായിരുന്നു. സ്വന്തം പേര് പോലും വിളിക്കാതെ സ്നേഹത്തോടെ ‘സുലൈ’ എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡീഗോയാണ് എൻ്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യ ത്തിനും കാരണക്കാരൻ. 2018 ജൂൺ 5 ന് ദുബായിൽ നിന്ന് താൽക്കാലമായി വിടപറയുമ്പോൾ ദുബായ്ഏ യർപ്പോർട്ടിലെ വിഐപി ലോഞ്ചിൽ നിന്നും തന്ന അവസാന സ്നോഹ ചുംബനം മറക്കാനാകാത്ത ഓർമ്മയായി ഞാൻ സൂക്ഷിക്കുന്നു. ഒക്ടോബറിലെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിൻ്റെ അവസാനാ വാക്ക് മറക്കാതെ ഓർമ്മകളിൽ, ‘സുലൈ ഐ മിസ് യൂ.’
ഇനി ആ ശബ്ദം ഇല്ല. ഓർമ്മകളിൽ അങ്ങ് ജീവിച്ചിരിക്കും, മരിക്കാതെ. എൻ്റെയും കുടുബത്തിൻ്റെയും കണ്ണീരിൽ കുതിർന്ന പ്രണാമം…


Story Highlights – maradona’s malayali driver facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here