കർഷക മാർച്ചിൽ ജലപീരങ്കി ഓഫ് ചെയ്ത യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസ്

ഡൽഹിയി ചലോ മാർച്ചിനിടെ ജലപീരങ്കി ഓഫ് ചെയ്ത യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഡൽഹി പൊലീസ്. 26കാരനായ ഹരിയാന സ്വദേശി നവദീപ് സിംഗിനെതിരെയാണ് ഡൽഹി പൊലീസ് കേസെടുത്തിരിക്കുന്നത്. ജലപീരങ്കിക്ക് മുകളിൽ കയറി അത് ഓഫ് ചെയ്യുന്ന യുവാവിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ്.
കലാപശ്രമം, കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കർഷക മാർച്ചിനിടെ പ്രചരിച്ച ദൃശ്യങ്ങളിൽ ഏറ്റവും ഐക്കോണിക്കായ രംഗമായിരുന്നു ഇത്. സമൂഹമാധ്യമങ്ങൾ ഒരു ഹീറോ പരിവേഷമാണ് നവദീപിനു നൽകിയത്. ഫാർമേഴ്സ് ബോഡി നേതാവ് ജൈ സിംഗിൻ്റെ മകനാണ് നവദീപ്. നവദീപും കർഷകനാണ്.
Read Also : ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി
“ഞാൻ നിയമവിരുദ്ധമായ ഒരു കാര്യത്തിലും ഏർപ്പെട്ടിട്ടില്ല. പ്രതിഷേധിക്കാനുള്ള കർഷകരുടെ സമർപ്പണമാണ് ജലപീരങ്കി വാഹനത്തിനു മുകളിൽ കയറി അത് ഓഫ് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. അത് അവരെ വേദനിപ്പിക്കുകയായിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു ഞങ്ങൾ. ഡൽഹിയിലേക്ക് കടന്നുപോകാൻ ഞങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഞങ്ങളുടെ വഴി തടഞ്ഞു.”- നവദീപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ഡൽഹി ചലോ മാർച്ച് അതിർത്തിയിൽ തടയാനുള്ള ശ്രമങ്ങൾ പാഴായി. കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ പൊലീസ് അനുമതി നൽകി. വടക്കൻ ബുരാരിയിൽ സമാധാനപരമായി പ്രതിഷേധം നടത്താനാണ് അനുമതി നൽകിയത്. ബുരാരിയിലെ നിരാൻ ഖാരി മൈതാനത്ത് കർഷകർക്ക് പ്രതിഷേധിക്കാം. ഡൽഹി – ഹരിയാന അതിർത്തിയിൽ സമരം നടത്തിയ കർഷകർക്ക് നേരെ പൊലീസ് ഇന്നും ലാത്തിചാർജ് നടത്തിയിരുന്നു.
Story Highlights – Farmer Protest “Hero” Who Turned Off Water Cannon Charged With Attempt To Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here