ലോകത്തിലെ ഏറ്റവും ഏകാകിയായ ആന ഇസ്ലാമാബാദിൽ നിന്ന് കംബോഡിയയിലേക്ക്

ലോകത്തിലെ ഏറ്റവും ഏകാകിയായ ആന കാവൻ ഇസ്ലാമാബാദിൽ നിന്ന് കംബോഡിയയിലേക്ക് പോകുന്നു. മൃഗ സ്‌നേഹികളുടെ ഇടപെടലിനെ തുടർന്ന് കാവനെ ഇസ്ലാമാബാദിൽ നിന്ന് കംബോഡിയയിലേക്ക് അയക്കാൻ ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടു.
മൃഗ സ്‌നേഹികളുടെ മനസിൽ എന്നും നോവായി അവശേഷിക്കുന്ന ലോകത്തിലെ ഏറ്റവും ഏകാകിയായ ആനയാണ് കാവൻ. കാവൻ ഇനി ഒറ്റയ്ക്കല്ല. കാടാകെ കാവന് കൂട്ടായുണ്ട്. കംബോഡിയയിലെ വന്യ ജീവി സങ്കേതത്തിലേക്കുള്ള കാവന്റെ യാത്രയ്ക്ക് ആശംസകൾ നേരുകയാണ് ഇസ്ലാമാബാദിലെ കാവന്റെ സ്‌നേഹിതർ. കാവനെ നന്നായി പരിചരിക്കാനായില്ലെന്ന ദുഃഖം പങ്കുവയ്ക്കുകയാണ് ഇസ്ലാമാബാദ് വന്യ ജീവി വകുപ്പിലെ ഉദ്യോഗസ്ഥനായ വഖദ് സെക്കറിയ.
1985 ൽ പാകിസ്ഥാന് ശ്രീലങ്ക സമ്മാനമായി നൽകിയതാണ് കാവനെ. ഹൈക്കോടതി അടച്ചു പൂട്ടാൻ നിർദേശിച്ച പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിലെ മാർഗസർ മൃഗശാലയിലായിരുന്നു കഴിഞ്ഞ 35 വർഷക്കാലമായി കാവന്റെ വാസം. 2012 ൽ ഇണയെ നഷ്ടമായതോടെ കാവൻ തനിച്ചായി. ഒറ്റപ്പെടൽ കാവന്റെ മാനസിക ആരോഗ്യത്തെ സാരമായി ബാധിച്ചു. പലപ്പോഴും കാവൻ അസ്വസ്ഥനായി. മൃഗശാലയിലെ മോശം സാഹചര്യം കൂടിയായപ്പോൾ ആരോഗ്യനില വഷളായി. കാവന്റെ അവസ്ഥ പുറംലോകം അറിഞ്ഞതോടെ ലോകമെമ്പാടുമുള്ള മൃഗസ്‌നേഹികൾ അവനായി ശബ്ദമുയർത്തി. പിന്നീട് കാവന്റെ സ്വാതന്ത്ര്യത്തിനായുള്ള നിരന്തര പോരാട്ടം. ഒടുവിൽ മൃഗസ്‌നേഹികൾ നൽകിയ ഹർജിയിൽ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ നിർണായകമായ ഉത്തരവ്. കാവനെ കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റാൻ.
Story Highlights – The world’s lone elephant from Islamabad to Cambodia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here