കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍

കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം മൂന്ന് കേന്ദ്രമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. കാര്‍ഷിക നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. പ്രക്ഷോഭകരുടെ സേവകരായി ആം ആദ്മി സര്‍ക്കാര്‍ നിലകൊള്ളുമെന്ന് പാര്‍ട്ടി നേതാവ് രാഘവ് ചദ്ദ പറഞ്ഞു.

സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തേക്ക് പ്രക്ഷോഭം മാറ്റണമെന്ന അമിത് ഷായുടെ ആവശ്യം കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു. ഉപാധികള്‍ വച്ചുള്ള ചര്‍ച്ചയ്ക്കില്ലെന്നും വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ തുറന്ന ഹൃദയത്തോടെ കര്‍ഷകരുടെ ആശങ്കയെ സമീപിക്കണം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നും കര്‍ഷകര്‍ ആവര്‍ത്തിച്ചു. ഇതേ തുടര്‍ന്നാണ് രാത്രിയോടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇതിനിടെ, ഡല്‍ഹിയുടെ കൂടുതല്‍ മേഖലകളിലേക്ക് കൂടി സമരം വ്യാപിക്കുകയാണ്. അഞ്ച് പ്രധാന പ്രവേശന കവാടങ്ങള്‍ തടയുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ പ്രധാന സ്റ്റേജും ടെന്റുകളും തയാറാകുകയാണ്.

Story Highlights farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top