ബുറേവി ചുഴലിക്കാറ്റ്; എറണാകുളത്ത് കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

Hurricane Burevi; meeting at Ernakulam

ബുറേവി ചുഴലിക്കാറ്റ് മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ എറണാകുളത്ത് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ചുഴലിക്കാറ്റിന്റെ പ്രഭാവമുണ്ടാവാന്‍ സാധ്യതയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തില്‍ പങ്കെടുത്തത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും സാഹചര്യം ഗൗരവപൂര്‍വം കാണണമെന്നും കളക്ടര്‍ പറഞ്ഞു.

മുവാറ്റുപുഴ, കോതമംഗലം, കൊച്ചി താലൂക്കുകളിലെ 41 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം ഉണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ജില്ലയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഓറഞ്ച് അലേര്‍ട് പ്രഖ്യാപ്പിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ജില്ലയില്‍ 150-204 മില്ലി മീറ്റര്‍ മഴ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ക്യാമ്പുകള്‍ ആരംഭിക്കണം. ജനറല്‍, കൊവിഡ് രോഗികള്‍, 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേകമായാണ് ക്യാമ്പുകള്‍ തുടങ്ങേണ്ടത്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തന സജ്ജമാക്കണം.

മണ്ണിടിച്ചില്‍ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുകള്‍ കൃത്യസമയത്തു കൈമാറുകയും മാറ്റി താമസിപ്പിക്കേണ്ടവരെ മാറ്റുകയും വേണം. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ അനൗണ്‍സ്മെന്റ് വഴി മുന്നറിയിപ്പ് നല്‍കണം. ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ വൈകീട്ട് 7 മുതല്‍ രാവിലെ 7 വരെ ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലായിലെ ക്രമീകരണങ്ങള്‍ യഥാസമയം വിലയിരുത്താന്‍ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Story Highlights Hurricane Burevi; meeting at Ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top